Timely news thodupuzha

logo

യു.എസ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്

ന്യൂയോർക്ക്: രാജ്യത്തിന്‍റെ നാൽപ്പത്തേഴാം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ യു.എസിൽ ഇന്ന് വോട്ടെടുപ്പ്. ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവിൽ റിപ്പബ്ലിക്കൻ പാർട്ടിയും വൈസ് പ്രസിഡന്‍റ് കമലഹാരിസിന്‍റെ സ്ഥാനക്ക‍യറ്റത്തിൽ ഡെമൊക്രറ്റുകളും പ്രതീക്ഷയർപ്പിക്കുമ്പോൾ അവസാന നിമിഷവും തുടരുന്നത് കടുത്ത പോരാട്ടം.

ഇലക്റ്ററൽ കോളെജിലെ 538 വോട്ടുകളാണ് അന്തിമ വിധി നിർണയിക്കുന്നത്. ഇതിൽ 270 എന്ന സംഖ്യ ആരു മറികടക്കുമെന്നാണ് അറിയാനുള്ളത്.

ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കും ഏഴരയ്ക്കുമിടയിലാണു യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിക്കുക. നാളെ രാവിലെ അഞ്ചരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാകും വോട്ടെടുപ്പ് അവസാനിക്കുന്നത്. ഇതിനുശേഷമാകും വോട്ടെണ്ണൽ. ആദ്യം അറിയാനാകുക ജോർജിയയിലെ ഫലമെന്നാണു കരുതുന്നത്.

ഇന്ത്യൻ സമയം നാളെ രാവിലെ ആറരയ്ക്ക് ഇവിടെ വോട്ടെണ്ണൽ തുടങ്ങും. പെൻസിൽവാനിയയിൽ മെയിൽ ബാലറ്റുകൾ ഇതുവരെ എണ്ണാത്തതിനാൽ ഫലം വൈകും. 2020ൽ നാല് ദിവസത്തിന് ശേഷമായിരുന്നു ഇവിടെ വോട്ടെണ്ണൽ.

50 സംസ്ഥാനങ്ങളാണ് യു.എസിൽ. 43 സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ, ഡെമൊക്രറ്റ് കോട്ടകളായി വിലയിരുത്തപ്പെടുന്നവയാണ്. അവശേഷിക്കുന്ന ഏഴ് സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുക.

അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോളിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾ.

അവസാന ഘട്ടത്തിലെ സർവെകൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ ട്രംപിന്, കമലയെക്കാൾ നേരിയ ലീഡുണ്ട്. എന്നാൽ, 2016ലും 2020ലും ട്രംപിനൊപ്പം ഉറച്ച് നിന്ന ഐയവ ഇത്തവണ കമലയെ പിന്തുണച്ചതുൾപ്പെടെ ഡെമൊക്രറ്റ്, റിപ്പബ്ലിക്കൻ കോട്ടകളിൽ ചോർച്ചകളുണ്ട്. ഇതും ഫലത്തെ സ്വാധീനിച്ചേക്കാം.

Leave a Comment

Your email address will not be published. Required fields are marked *