Timely news thodupuzha

logo

മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ

ന്യൂഡൽഹി: സർക്കാർ ചെലവിൽ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ. ഇതിനായി ഡൽഹി ലഫ് ഗവർണറോട് അനുമതി തേടി. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലൻസ് മേധാവിയായി തുടരുന്നതിനിടയിൽ ആയിരുന്നു ഡൽഹി എ.എ.പി സർക്കാ‌ർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. സംഘത്തിന്റെ പ്രവർത്തനം 2016 ഫെബ്രുവരി 1 മുതൽ തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് വ്യക്തികൾ, സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം റിപ്പോർട്ട് നൽകിയിരുന്നത്. സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ കൈമാറിയതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവിൽനിന്ന് നഷ്ടമായി. രാഷ്ട്രീയ ലക്ഷ്യത്തോടെ മറ്റ് ഏജൻസികളുടെ അധികാരങ്ങളെ മറികടന്ന് നിയമം ലംഘിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനമെന്ന് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 700 കേസുകളിലായിരുന്നു 8 മാസത്തിനിടെ അന്വേഷണം നടത്തിയത്. അതിൽ 60 ശതമാനവും രാഷ്ട്രീയ താൽപര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *