കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടപെടാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊല്ലം ആർടിഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെയാണ് ഓട്ടോ ഡ്രൈവർ ഇറക്കിവിട്ടത്.
നെടുമ്പാശേരി സ്വദേശി വി.സി സുരേഷ് കുമാറിൻറെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അത്താണി ഭാഗത്തേക്കാണ് ഇൻസ്പെക്‌ടർ ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവർ 180 രൂപ കൂലി ആവശ‍്യപ്പെട്ടു.
എന്നാൽ അഞ്ച് കിലോമീറ്റർ താഴേ മാത്രം ദൂരമുള്ള ഓട്ടമായതിനാൽ 150 രൂപ തരാമെന്ന് ഇൻസ്പെക്‌ടർ പറഞ്ഞു. ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്ന് മീറ്ററിടാൻ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ ഇൻസ്പെക്‌ടറെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.
യൂണിഫോം ധരിക്കാതെയായിരുന്നു ഓട്ടോ ഡ്രൈവർ വാഹനമോടിചത്. ഓട്ടോയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഉദ‍്യോഗസ്ഥനോട് ഇയാൾ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. അതേസമയം വെഹിക്കിൾ ഇൻസ്പെക്‌ടറാണെന്ന കാര‍്യം ഉദ‍്യോഗസ്ഥൻ ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നെങ്കിലും ഡ്രൈവർ വിശ്വസിച്ചില്ല.
വെഹിക്കിൾ ഇൻസ്പെക്‌ടറുടെ പരാതിയെ തുടർന്ന് എറണാകുളം എൻഫോഴ്സ്മെൻറ് ആർ.റ്റി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ പി.ജി നിഷാന്താണ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്. മീറ്ററിടാതെ വാഹനമോടിക്കുക, യാത്രക്കാരോട് അപമര‍്യാദയായി പെരുമാറുക, അമിത ചാർജ് വാങ്ങൽ, യൂണിഫോം ധരിക്കാതെ വാഹനമോടിക്കുക തുടങ്ങിയവ ചേർത്താണ് പിഴ ചുമത്തിയിരിക്കുന്നത്.