കൊച്ചി: പ്രായപൂർത്തിയായ പ്രതികൾക്കൊപ്പം കേസിൽപ്പെട്ട് കുട്ടികൾ ജയിലിൽ കഴിയുന്ന സാഹചര‍്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ‍്യോഗസ്ഥർക്കും ജുഡീഷ‍്യൽ ഓഫീസർക്കുമായി ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇടുക്കി ദേവികുളത്ത് കുണ്ടല സാന്‍റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മാതാപിതാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ കേസിൽപ്പെട്ട് 11 വർഷം കഴിയേണ്ടി വന്ന സാഹചര‍്യം കണക്കിലെടുത്താണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ജീവപര‍്യന്തം ശിക്ഷ ലഭിച്ച പ്രതികളായിരുന്ന ഇവരെ നേരത്തെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. ഇവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം പിരിഗണിച്ചതിനു ശേഷമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര‍്യം മാതാപിതാക്കൾ തങ്ങളെ അറിയിച്ചില്ലെന്നും രേഖകളിലൂടെ ബോധ‍്യപ്പെടുത്തിയില്ലെന്നും അന്വേണ ഉദ‍്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
ഇത്തരത്തിലുള്ള സാഹചര‍്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിൽ നിയമമില്ലെന്ന് കോടതി വിലയിരുത്തി. ഉത്തരവ് സാധ‍്യമല്ലെന്നും എന്നാൽ നിയമംകൊണ്ടുവരുന്ന കാര‍്യം പരിഗണിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചു. തുടർന്നാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.