ചെന്നൈ: തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ മൂന്ന് ദിവസത്തിനകം കേരളം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ്. മാലിന്യം തള്ളിയതിൻറെ പൂർണ ഉത്തരവാദിത്വം കേരളത്തിനാണെന്നും പല തവണയായി ഈ പ്രവണത തുടരുന്നുവെന്നും ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
സംഭവത്തിൽ ട്രൈബ്യൂണൽ കേരളത്തിനെതിരേ സ്വമേധയ കേസെടുത്തിരുന്നു. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണ് പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു.