Timely news thodupuzha

logo

യുവതി മരിച്ച സംഭവം: അല്ലു അർജുനെതിരെ തെളിവുമായി പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിയേറ്റർ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരേ തെളിവുകൾ പുറത്തുവിട്ട് പൊലീസ്.

സന്ധ്യാ തിയേറ്ററിലെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. നടൻറെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. യുവതി മരിച്ച വിവരം തിയേറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.

എന്നാൽ അദ്ദേഹം തിയേറ്ററിൽ നിന്നും പോവാൻ തയാറായില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന് നിർദേശിച്ചെങ്കിലും ലംഘിച്ചു. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തുവെന്നും തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു.

സന്ധ്യാ തിയേറ്ററിൽ അല്ലു അർജുൻറെ 50ഓളം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ വളരെ അശ്രദ്ധമായാണ് അവർ പെരുമാറിയത്. പൊലീസുകാരെ ഉൾപ്പെടെ അവർ തള്ളിമാറ്റി.

തിരക്ക് നിയന്ത്രിക്കാൻ എത്തിയ പൊലീസുകാരോട് അവർ മോശമായാണ് പെരുമാറിയത്. വിഐപിയെ മാത്രമാണ് അവർ പരിഗണിച്ചത്. ജനക്കൂട്ടത്തെ ശ്രദ്ധിച്ചതേയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിയെന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്.

അപകടത്തിൽ രേവതിയുടെ മകന് പരുക്കേൽക്കുകയും ചികിത്സ‍്യയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. പിന്നാലെ അല്ലു അർജുനെ വീട്ടിലെത്തി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നാലെ ജാമ്യം ലഭിച്ച് അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തിരുന്നു.

തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിനു തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിൻറെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *