തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ പിടിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി.
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ ഡേവിസ് (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തർക്കത്തിനിടെ പതിനാലുകാരൻ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
ലിവിനെ കൊല്ലാനുപയോഗിച്ച കത്തി പതിനാലുകാരൻറെത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ വിദ‍്യാർഥികൾ ലഹരിക്ക് അടിമകളാണെന്നും കൊലപാതകത്തിന് മുമ്പും പ്രതികൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിലേർപ്പെട്ടു. രണ്ട് പെൺകുട്ടികളുമായെത്തിയത് ചോദ‍്യം ചെയ്തത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.