പെരുന്ന: നായർ സർവീസ് സൊസൈറ്റി എന്ന മഹാപ്രസ്ഥാനത്തെ മുന്നിൽ നിന്ന് കരുത്തോടെ നയിക്കുന്ന, നിലപാടുകളിൽ അചഞ്ചലനായ കേരള സമൂഹത്തിന് ആകെ ആദരണീയനായ,ഈ സംഘടനയുടെ ജനറൽ സെക്രട്ടറി എത്രയും സ്നേഹം നിറഞ്ഞ ശ്രീ.ജി.സുകുമാരൻ നായരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ അഭിമാനബോധത്തോടെയാണ് ഈ വേദിയിൽ ഞാൻ നിൽക്കുന്നത്. ഇത് ഒരു സൗഭാഗ്യമായി കരുതുന്നു. സി.രാജഗോപാലാചാരിയേയും ഡോ.എസ്.രാധാകൃഷ്ണനെയും പോലുള്ളവരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ് ഈ വേദി. ആ ഓർമകൾ തന്നെ എന്നെപ്പൊലെ ഒരു പൊതു പ്രവർത്തകനെ പുളകം കൊള്ളിക്കുന്നതാണ്. അതുകൊണ്ടു തന്നെ പ്രൗഢമായ ഈ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. അതിന് അവസരം നൽകിയ, എന്നെ ഇതിലേക്ക് ക്ഷണിച്ച എൻഎസ്എസ് നേതൃത്വത്തോട്, അതിന്റെ അമരക്കാരനായ ശ്രീ. ജി.സുകുമാരൻനായരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഞാൻ ആദ്യം തന്നെ രേഖപ്പെടുത്തട്ടെ.
ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളാണ് ഇവിടെ ഇരമ്പി നിൽക്കുന്നത്. കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ എന്തുകൊണ്ടും അഗ്രഗണ്യനാണ് ശ്രീ.മന്നത്തു പത്മനാഭൻ. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു സമുദായത്തെ അദ്ദേഹം പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചു. അതു വഴി കേരള സമൂഹത്തിന് തന്നെ പുതുവെളിച്ചം പകർന്നു. മന്നം എന്നൊരു മഹാമേരു ഇവിടെ ഇല്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുനോക്കൂ. അപ്പോഴാണ് ആ മനുഷ്യൻ എന്തെല്ലാമായിരുന്നുവെന്ന് നമ്മുക്കായി എന്തെല്ലാം ചെയ്തുവെന്ന് ബോധ്യപ്പെടുക.
മന്നം ഒരിക്കൽ പറഞ്ഞു: മറ്റുളളവരെപ്പോലെ അധ്വാനിച്ച് ജീവിക്കാൻ നായർ സമുദായം തയ്യാറാകണം. അധ്വാനിച്ച് ആഹാരം കഴിച്ചേ ഉറങ്ങാവൂ എന്ന നിശ്ചയം സമുദായത്തിലെ ആണിനും പെണ്ണിനും ഉണ്ടായാൽ നമ്മൾ രക്ഷപെടും.
സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല. മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം കരുതി. മന്നത്തെ മന്ദം എന്നല്ല, ശീഘ്രം എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ കർമകുശലത കണ്ട് പ്രമുഖ അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിളള നർമം കലർത്തി പറഞ്ഞിട്ടുണ്ട്. ഉള്ള സൗകര്യങ്ങളിൽ ജീവിച്ചു പോകാൻ ഇഷ്ടപ്പെടുന്ന, അൽപം ചടഞ്ഞുകൂടാൻ തയാറാകുന്ന സമുദായം എന്ന പേരുദോഷമുണ്ടായിരുന്നവർക്കു മുന്നിൽ അദ്ദേഹം സ്വയം മാതൃക കാണിച്ചു. ഏകമകൾ,സുമതിക്കുട്ടിയമ്മയുടെ കുറിപ്പുകളിൽ അദ്ദേഹത്തിന്റെ ദിനചര്യം വിവരിക്കുന്നത് അത്ഭുതകരമാണ്. അതിരാവിലെ മൂന്നരയ്ക്ക് അദ്ദേഹം ഉണരും! ഓർത്തു നോക്കുക. പിന്നെ കുളിക്കാൻ പോകുന്നതുവരെയുള്ള സമയം കത്തെഴുതും. തലേന്ന് തപാൽ വഴിയെത്തുന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ചുതീർക്കും. കുളികഴിഞ്ഞാൽ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം. ആറിനു പ്രാതലിനുമുൻപ് ഇതെല്ലാം നടക്കും. വൃത്തി നിർബന്ധമായിരുന്നു. മുഷിഞ്ഞവസ്ത്രം ധരിച്ച് മകന്റെയടുത്തു ചെല്ലാൻ അമ്മയ്ക്കുപോലും മടിയായിരുന്നത്രേ. അതായിരുന്നു മന്നത്തു പത്മനാഭൻ എന്ന അകവും പുറവും സൗന്ദര്യമുള്ള മഹാപുരുഷൻ.
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സ്വസമുദായത്തെ മോചിപ്പിക്കുന്നതിലും സ്വയം അദ്ദേഹം മാതൃക തീർത്തു. വൈക്കം സത്യാഗ്രഹസമയത്തെ ഒരു സംഭവം ഓർമിക്കാം. ചങ്ങനാശ്ശേരി മന്നത്ത് വീട്ടിൽ അദ്ദേഹത്തെ സന്ദർശിക്കാൻ മൂന്നു പേർ എത്തി. അതിലൊരാളായ ആറൻമുള സ്വദേശി അഴകൻ അവർണവിഭാഗത്തിൽപെട്ടയാളായിരുന്നു.അവർ ആഹാരം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ അമ്മയോട് കഞ്ഞി റെഡിയാക്കൻ നിർദ്ദേശിച്ചു.അപ്പോഴാണ് ഒരു പ്രശ്നം ഉടലെടുത്തത്. അഴകനെ എവിടെ ഇരുത്തി ഭക്ഷണം നൽകും? താൻ പൊതുസ്ഥലത്ത് വെച്ച് മിശ്രഭോജനം ശീലിച്ചിട്ടുണ്ടെങ്കിലും അമ്മയ്ക്കത് സ്വീകാര്യമാകുമോ? വീട്ടിൽ തീണ്ടൽ ആചരണത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കാവുന്നതിൽ കവിഞ്ഞുളള ഒരു പരീക്ഷണവും നടത്തേണ്ട സന്ദർഭം ഉണ്ടായിട്ടില്ല. അയിത്തോച്ചാടനത്തിനെതിരെ പൊരുതുന്ന തനിക്ക് എങ്ങനെ അഴകനെ മാറ്റിയിരുത്താൻ സാധിക്കും. ഈ ധർമ്മസങ്കടത്തിനൊടുവിൽ അദ്ദേഹം തീരുമാനിച്ചു– സ്വന്തം ബോധ്യങ്ങൾക്കും സംസാരങ്ങൾക്കും വിരുദ്ധമായി എന്തായാലും പ്രവർത്തിക്കില്ല. ഇന്നത്തെ അതിഥികളിൽ പ്രധാനി അഴകൻ ആണെന്നും എല്ലാവരും ഒന്നിച്ചിരുന്നു തന്നെ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം അമ്മയെ ബോധ്യപ്പെടുത്തി.നിലത്തു വിരിച്ച പായയിൽ തന്റെ അരികിൽ തന്നെ അഴകനെ ഇരുത്തി മന്നവും കഞ്ഞികുടിച്ചു. ഭക്ഷണം കഴിഞ്ഞ് പാത്രമെടുക്കാൻ ഭാവിച്ച അഴകനെ തടഞ്ഞു.മന്നം തന്നെ പാത്രമെടുക്കാൻ ഭാവിച്ചെങ്കിലും അമ്മ പാത്രമെടുത്ത് വൃത്തിയാക്കി.അക്കാലത്തെ സ്ഥിതിയിൽ ആലോചിക്കാനാകാത്ത സംഭവങ്ങളായിരുന്നു ഇതെല്ലാം. അയിത്തോചാടനത്തിനും ജാതിനശീകരണത്തിനും ആത്മാർത്ഥമായി പ്രവർത്തിക്കാൻ താൻ അവകാശിയായിരിക്കുന്നുവെന്ന് ഈ സംഭവത്തോടെ ബോധ്യമായതായി മന്നം കുറിച്ചിട്ടുണ്ട്.
അങ്ങനെ സ്വയം മാതൃക തീർത്താണ് അദ്ദേഹം ഈ സമുദായത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ചത്. അസാധാരണമായിരുന്നു ആ കർമ കുശലത. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ ആ മനുഷ്യൻ തന്റെ ജീവിതകാലത്ത് 125 സ്കൂളുകളും 25 കോളജുകളും സ്ഥാപിച്ചു! എൻഎസ്എസ് തന്നെ പ്രസിദ്ധീകരിച്ച മന്നത്തു പത്മനാഭൻ കർമയോഗിയായ കുലപതി എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്. നൂറു രൂപ തികച്ചെടുക്കാൻ കഴിവില്ലാത്ത ചെറുകിട ജന്മിമാരും അൽപവേതനക്കാരായ സർക്കാർ ജീവനക്കാരും കോടതിത്തിണ്ണയിൽ നിരങ്ങുന്ന കലഹപ്രിയരും അടങ്ങുന്ന ഒരു ശിഥില സമുദായത്തെക്കൊണ്ട് ഇത്രയും ചെയ്യിക്കാൻ മന്നത്തു പത്മനാഭനു മാത്രമേ സാധിക്കൂ. പണം എങ്ങനെയും വന്നു ചേരുമെന്ന അദ്ദേഹത്തിന്റെ ശുഭാപ്തി വിശ്വാസം സഹപ്രവർത്തകരെയും ശുഭാപ്തി വിശ്വാസികളാക്കി. ഒരു യഥാർഥ നേതാവിനു മാത്രമേ മറ്റുള്ളവരെ അങ്ങനെ പ്രചോദിപ്പിക്കാൻ കഴിയൂ. മന്നത്ത് പത്മനാഭൻ ഒരു ട്രൂ ലീഡർ ആയിരുന്നു. തിരുവനന്തപുരം എംജി കോളജിന്റെ ശിലസ്ഥാപനം നടത്തിയ ഗവർണർ ജനറൽ സി രാജഗോപാലാചാരി മന്നത്തോട് ചോദിച്ചു : കോളജ് നിർമാണത്തിന് നല്ലൊരു തുകയാകുമല്ലോ. എവിടെ നിന്നു പണം സമാഹരിക്കും.
മന്നത്തിന്റെ മറുപടി: പണമൊക്കെ ഓരോത്തരുടെ പോക്കറ്റിലല്ലേ? ചെന്നു ചോദിച്ച് വാങ്ങുകയേ വേണ്ടൂ. ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരായി മന്നം. അതുവഴി സ്വസമുദായത്തിനും അദ്ദേഹം തികഞ്ഞ ആത്മവിശ്വാസം നൽകി.
ഇവിടെ വ്യക്തിപരമായ ഒരു കാര്യം എനിക്ക് കൂട്ടിച്ചേർക്കാനുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഞാൻ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ എനിക്ക് തുണയായതും എൻഎസ്എസ് ആണ്. ഞാൻ അന്ന് കേരളവിദ്യാർഥി യൂണിയന്റെ സജീവ പ്രവർത്തകനാണ്. ആലപ്പുഴ ജില്ലാ ട്രഷററും. എസ്എസ്എൽസിക്ക് ഫസ്റ്റ് ക്ലാസിന് അടുത്തുള്ള മാർക്ക് എനിക്കുണ്ടായിരുന്നു. സമീപത്തുള്ള കോളജിൽ പ്രവേശനം കിട്ടുമെന്ന് അതുകൊണ്ട് ഉറപ്പുമായിരുന്നു.അതിനാൽ അവിടെ മാത്രമേ അപേക്ഷിച്ചുള്ളൂ. എന്നാൽ ആ കോളജ് അധികൃതർക്ക് ആരോ ഒരു ഊമക്കത്ത് അയച്ചു. കെഎസ് യു നേതാവായ എനിക്ക് അഡ്മിഷൻ കൊടുത്താൽ കോളജിന്റെ അന്തരീക്ഷം തന്നെ തകർക്കുമെന്നായിരുന്നു അതിലെ മുന്നറിയിപ്പ്. എന്തുകൊണ്ടോ ആ കത്ത് കോളജ് അധികൃതർ മുഖവിലക്കെടുത്തു. എനിക്ക് അഡ്മിഷൻ ലഭിച്ചില്ല. അവിടെ തന്നെ കിട്ടും എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ഞാൻ മറ്റെവിടെയും അപേക്ഷിച്ചിട്ടുമുണ്ടായിരുന്നില്ല. ഞാൻ ആകെ വിഷമിച്ചു പോയി. എന്റെ ഒരു ബന്ധു വന്ന്, എൻഎസ്എസിന്റെ അന്നത്തെ ജനറൽ സെക്രട്ടറിയായ ശ്രീ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ കാണാൻ പറഞ്ഞു. ഞാനും അച്ഛനും അദ്ദേഹവും ഒരുമിച്ചുപോയി കിടങ്ങൂരിനെ കണ്ടു. അഡ്മിഷൻ പ്രോസസ് എല്ലാം കഴിഞ്ഞല്ലോ എന്തു ചെയ്യും എന്ന് അദ്ദേഹം ആദ്യം ചോദിച്ചു. സാരമില്ല, നോക്കട്ടെ എന്നും പറഞ്ഞ അദ്ദേഹം ഉടൻ തന്നെ കോളജിൽ ബന്ധപ്പെട്ട് എനിക്ക് അഡ്മിഷൻ നൽകാൻ നിർദേശിച്ചു. ഞാൻ ഫോം പൂരിപ്പിച്ചു നൽകി. യൂണിവേഴ്സിറ്റിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു തീർത്തു കൊള്ളാമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി എന്നോടു പറഞ്ഞു. അങ്ങനെയാണ് ഞാൻ പെരുന്ന എൻഎസ്എസ് കോളജ് വിദ്യാർഥിയാകുന്നത്. അവിടെ തുടങ്ങുന്നതാണ് എൻഎസ്എസുമായുള്ള എന്റെ ഹൃദയബന്ധം. അതു മുറിയാതെ കൊണ്ടുപോകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
ഞാൻ പറഞ്ഞു വന്നത് നായർ സമുദായത്തെ ശാക്തീകരിക്കുന്നതിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സമൂഹത്തിന് തന്നെ വെളിച്ചം പകർന്നു കൊടുക്കുന്നതിൽ ശ്രീ മന്നത്തു പത്മനാഭൻ വഹിച്ച നിസ്തുലമായ പങ്കാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി, ക്ഷേത്രപ്രവേശനവിളംബരത്തിന് 20 വർഷം മുൻപു തന്നെ, തന്റെ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ്് ദേവീക്ഷേത്രം തുറന്നുകൊടുത്ത സംഭവം യാഥാസ്ഥിതികരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. കേരളീയ സമൂഹത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ച തേജോബിംബങ്ങളുടെ പട്ടികയിലാണ് മന്നത്തിന്റെ സ്ഥാനം.മഹാത്മജിയുടെ ആഹ്വാനപ്രകാരം വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങൾ നയിച്ചുകൊണ്ട് എല്ലാ ജാതിയിൽപെട്ടവർക്കും ക്ഷേത്രപ്രവേശനത്തിനായി നടത്തിയ സമരങ്ങൾ, ദേശീയ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റങ്ങൾ, തുടർന്ന് സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ– കൊച്ചി നിയമസഭയിലേക്കുള്ള പ്രവേശനം, വിമോചനസമരം നയിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, കേരള രാഷ്ട്രീയത്തെ ചലിപ്പിച്ചുകൊണ്ടുള്ള കേരള കോൺഗ്രസിന്റെ രൂപീകരണം… ഇവയെല്ലാം രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ വലിയ തോതിൽ സ്വാധീനിച്ചു. നായർ സമുദായത്തിന് അപ്പുറം എല്ലാ വിഭാഗം ഹിന്ദു വിഭാഗങ്ങളേയും അതു വഴി കേരള സമൂഹത്തെ തന്നെയും മാറ്റങ്ങളിലേക്കു നയിക്കുകയിരുന്നു മന്നം. അദ്ദേഹം നയിച്ച സവർണ ജാഥയെ പോലൊന്ന് അക്കാലത്ത് ആലോചിക്കാൻ കഴിയാത്തതായിരുന്നു. ശ്രീനാരായണു ഗുരുവുയുള്ള മന്നത്തിന്റെ സമാഗമം ചരിത്ര മൂഹൂർത്തം തന്നെയായി. ക്ഷേത്ര പ്രവേശന വിളംബരത്തിന് തന്നെ അതുവഴി മന്നം ചാലകശക്തിയായി. അതേ സമയം അദ്ദേഹം ഒരു കാലത്തും രാഷ്ട്രീയക്കാരനായിരുന്നുമില്ല. അക്കാര്യത്തിലെ തന്റെ സമീപനത്തെക്കുറിച്ച് മന്നം തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഞാൻ സ്വതവേ ഒരു രാഷ്ട്രീയ ജീവിയല്ല; സാമൂഹ്യ പരിഷ്കരണ തത്പരനാണ്. ആവശ്യം കഴിഞ്ഞാൽ രാഷ്ട്രീയരംഗത്തു തങ്ങിനിൽക്കാതെ എന്റെ പ്രവർത്തനരംഗത്തേക്കു മടങ്ങിപ്പോരികയാണു പതിവ്. രാഷ്ട്രീയപ്രവർത്തകന്മാരെക്കാൾ സാമൂഹ്യപ്രവർത്തകന്മാർക്കാണ് സൃഷ്ടിപരിപാടികൾ നടപ്പിൽ വരുത്താൻ കഴിവുള്ളതും സാധിക്കുന്നതും എന്ന വിശ്വാസക്കാരനാണ് ഞാൻ.
രാഷ്ട്രീയമേഖലയെ സാമൂഹികമായ പരിഷ്കരണങ്ങൾക്കും മാറ്റങ്ങൾക്കുമായി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയാണ് മന്നം സ്വീകരിച്ചത്. അതിൽ നിന്ന് എന്നെപ്പോലെയുള്ള പൊതുപ്രവർത്തകർക്കും ധാരാളം പഠിക്കാനുണ്ട്. വിമോചന സമരവുമായി ബന്ധപ്പെട്ട് മന്നത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ജനങ്ങളിൽ നിന്ന് ഒരു ഭരണകൂടം അകന്നു പോയാൽ അവരെ ജനങ്ങൾ തിരുത്തുമെന്ന മുന്നറിയിപ്പാണ് മന്നത്തിന്റെ നേതൃത്വത്തിൽ അന്നു നൽകിയത്. അത് ഇന്നും ഏറെ പ്രസക്തം തന്നെയാണ്. അദ്ദേഹത്തെ സംബന്ധിച്ച് അത് അനീതിക്കെതിരെയുളള പോരാട്ടമായിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാർ ജനവിരുദ്ധമാകുകയും ജനജീവിതം അസഹ്യമാക്കുകയും ചെയ്താൽ അതിനെതിരെ ജനങ്ങൾ ഉയർന്നു വരും. നിലവിലുള്ള ഭരണകൂടങ്ങൾക്കും ഈ തത്വം ബാധകം തന്നെയാണ്.
സ്വന്തം സമുദായത്തിന്റെ അഭ്യദുയത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ കറകളഞ്ഞ മതേതരവാദിയായിരുന്നു മന്നം. അദ്ദേഹം പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആ സമുദായത്തിൽ ഉള്ളവർക്കു വേണ്ടി മാത്രമായിരുന്നില്ല; എല്ലാവർക്കും വേണ്ടിയായിരുന്നു. എൻഎസ്എസ് തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വ്യക്തമാക്കി: ‘ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ ഒന്നും ചെയ്യില്ല’ അങ്ങനെ പറഞ്ഞ് നിലവിളക്ക് കൊളുത്തി പ്രാർഥിച്ചിട്ടാണ് എൻഎസ്എസ് എന്ന മഹാപ്രസ്ഥാനം അദ്ദേഹം ആരംഭിച്ചത്. ആ നിലവിളക്ക് ഇന്നും അതേ ശോഭയോടെ കത്തിക്കൊണ്ടിരിക്കുന്നു. വർഗീയതയുടെ മഹാന്ധാകാരം ചുറ്റും മുടുമ്പോൾ എൻഎസ്എസ് എന്ന മഹാപ്രസ്ഥാനം പ്രതീക്ഷയുടെ തിരിയായി നമ്മുടെ മുന്നിലുണ്ട്. മതനിരപേക്ഷതയുടെ ഏറ്റവും ജാജ്വല്യമാനമായ ബ്രാൻഡ് അംബാസിഡർ, അല്ല, ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന ഉജ്വലമായ പ്രസ്ഥാനം. മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിക്കുന്ന കോൺഗ്രസ് എന്ന എന്റെ മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നു കൊണ്ട്, തനിരപേക്ഷത രാജ്യത്ത് ഉറപ്പു വരുത്താനും വർഗീയമായ ആക്രമണങ്ങളെ ചെറുക്കാനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും എൻഎസ്എസും അതിന്റെ നേതൃത്വവും കാലാകാലങ്ങളായി നൽകി വരുന്ന സംഭാവനകളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ജാതിയുടേയും മതത്തിന്റെയും പേരിൽ രാഷ്ട്രീയാധികാരം വെട്ടിപ്പിടിക്കാൻ ശ്രമങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ എൻഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയുടെ മഹാദർശനം ഉയർത്തിപ്പിടിക്കാനായി ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അടക്കമുള്ളവർ പാലിക്കുന്ന ജാഗരൂകതയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു; എന്റെ കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി എൻഎസ്എസിനോട് നന്ദി പറയുന്നു. അത് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടു പോകേണ്ട സമയമാണ് ഇതെന്നും ഞാൻ കരുതുന്നു. ഷഷ്ഠിപൂർത്തിയോടുനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒരാൾ സമ്മാനമായി ഊന്നുവടി നൽകിയപ്പോൾ മന്നം ഇങ്ങനെ പറഞ്ഞു: മന്നത്തിന് വയസായി. ഇനി വടിയും കുത്തി നടന്നോട്ടെ എന്നു വിചാരിച്ചാണ് ഈ സമ്മാനമെങ്കിൽ തെറ്റിപ്പോയി.മന്നത്തിന് വയസാവുകയില്ല.. സമുദായത്തിന് നേരെ വരുന്ന ഓരോ തല്ലും തടുക്കുവാനും പകരം കൊടുക്കുവാനും വേണ്ടി ഈ വടി ഞാൻ സ്വീകരിക്കുന്നു. അദൃശ്യമായ ആ വടി ഇന്നത്തെ ജനറൽ സെക്രട്ടറിയുടെ കയ്യിലും ഞാൻ കാണുന്നു.
മതസ്പർധ വളർത്താനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ ചുറ്റും നമ്മുക്ക് കാണാം. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് മന്നം എന്നും ആഗ്രഹിച്ചത്.അതിനുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. സ്വന്തം സമുദായത്തിലും സമൂഹത്തിലും പരിഷ്കരണം കൂടിയേ തീരൂവെന്ന മന്നം മുന്നോട്ടു വച്ച ലക്ഷ്യത്തെയും എൻഎസ്എസിന് പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. നായർ ഭവനങ്ങളിൽ നിന്നുള്ള കൊച്ചുകൊച്ചു സംഭാവനകൾ സ്വീകരിച്ചുകൊണ്ടുള്ള മൈക്രോ ഫിനാൻസിങ് സങ്കൽപത്തിലൂടെയാണ് മന്നം ഈ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുത്തത്. സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിലാണ് എൻഎസ്എസ് നിസ്തുല പങ്കു വഹിച്ചത്. മന്നം കയ്യിലേന്തിയ ആ ദീപശിഖ ഇന്നും തെളിഞ്ഞു കത്തുന്നതിൽ കേരളീയ സമൂഹം തന്നെ എൻഎസ്എസിനോട് കടപ്പെട്ടിരിക്കുന്നു .പിടിയരി പിടിച്ചും കെട്ടു തേങ്ങ സംഭരിച്ചുമെല്ലാം അദ്ദേഹം പ്രവർത്തിച്ചത് സ്വന്തം സമുദായത്തിനു മാത്രമല്ല.കേരളത്തിനു വേണ്ടിയാണ്. സ്വന്തം സമുദായത്തിന്റെ അഭ്യുദയം ആഗ്രഹിക്കുമ്പോൾ തന്നെ ഇതര സമുദായങ്ങളെ ചേർത്തുനിർത്തുന്നതിൽ മന്നം കാട്ടിയ ശ്രദ്ധ അപാരമായിരുന്നു. ഞാൻ നേരത്തെ പറഞ്ഞതു പോലെ മതനിരപേക്ഷതയുടെ ഈ മഹത്തായ ബ്രാൻഡ് കേരളത്തിൽ തിളങ്ങി നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു; സന്തോഷിക്കുന്നു. സമുദായങ്ങൾ തമ്മിൽ തല്ലണമെന്ന് ആഗ്രഹിക്കുന്നവർക്ക് എൻഎസ്എസിനോട് പിണക്കവും പരിഭവവുമെല്ലാം ഉണ്ടാകാം.അതിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ.
മന്നം ഒരിക്കൽ പറഞ്ഞു. കരയുന്നവന് ജീവിക്കാനുള്ള ലോകമല്ല ഇത്. പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾക്കുമാത്രമേ ജീവിക്കാൻ മാർഗമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിച്ചും വർഗീയത വമിപ്പിച്ചും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവരെ ധീരതയോടെ തടുത്തു നിർത്തുന്ന, അകന്നു മാറിപ്പോകാൻ ആവശ്യപ്പെടുന്ന എൻഎസ്എസ് നേതൃത്വത്തെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു.