Timely news thodupuzha

logo

ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിന് എൻ.സി.സി ദേശീയ പുരസ്‌കാരം

തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻ. സി.സി ദേശീയ തലത്തിലെ മികച്ച ഓഫീസർമാർക്ക് നൽകി വരുന്ന ഡയറക്ടർ ജനറൽ കമന്റഡേഷന് തൊടുപുഴ ന്യൂമാൻ കോളേജിലെ എൻ സി സി ഓഫീസറും കോമേഴ്‌സ് വിഭാഗം മേധാവിയുമായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.ഡൽഹിയിൽ നടന്ന ചടങ്ങിൽ എൻ സി സി ദേശീയ തലവൻ ലഫ്. ജനറൽ ഗുർബിർപാൽ സിംഗ് പുരസ്‌കാരം സമ്മാനിച്ചു.

കേരളത്തിൽ നിന്ന് ആദ്യമായി ഒരു എൻ സി സി ബാൻഡ് ടീം റിപ്പബ്ലിക്ദിന ക്യാമ്പിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടത് ക്യാപ്റ്റൻ പ്രജീഷിന്റെ നേതൃത്വത്തിലാണ്. കമന്റേഷന് പുറമെ മികച്ച എൻ സി സി ബാൻഡ് പരിശീലകനുള്ള ട്രോഫി കൂടി ലഭിച്ചത് ഇരട്ടി മധുരമായി.2013 ൽ ലെഫ്റ്റനെന്റ് ആയി കമ്മീഷൻ ചെയ്ത ഓഫീസറുടെ ചിട്ടയായ പരിശീലനത്തിന് കീഴിൽ ന്യൂമാൻ കോളേജ് രണ്ടു പ്രാവിശ്യം കേരളത്തിലെ മികച്ച എൻ സി സി സ്ഥാപനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ച മിലിറ്ററി പരിശീലനത്തിന് പുറമെ സമൂഹിക പ്രസക്തിയുള്ള നിരവധി സംരഭങ്ങൾ ആണ് ന്യൂമാൻ എൻ സി സി യെ വ്യത്യസ്തമാക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി കോളേജിൽ നടത്തി വരുന്ന ഷെയർ എ ബ്രെഡ് പദ്ധതി, ഹോം ഫോർ ഹോം ലെസ്സ് പദ്ധതി, യുവഹരിതഭൂമി,ദുരന്ത നിവാരണ പ്രവർത്തനൾ, യുവജന ശാക്തീകരണ ക്യാമ്പയിനുകൾ, രക്തദാനം തുടങ്ങി നിരവധി കർമ്മ പദ്ധതികൾ കൊണ്ട് സവിശേഷമാണ് ന്യൂമാൻ എൻ സി സി.

ഇന്ത്യയിൽ തന്നെ അപൂർവ്വം സ്ഥാപനങ്ങളിൽ മാത്രമുള്ള ഒബ്‌സ്റ്റക്കിൾ ട്രെയിനിങ് സെന്റർ, ഫയറിംഗ് റേഞ്ച്, ഡ്രിൽ നേഴ്സറി തുടങ്ങിയ ആധുനിക പരിശീലന സംവിധാനങ്ങൾ കോളേജിൽ നിലവിലുണ്ട്. എൻ സി സി ക്ക് വേണ്ടിയുള്ള സമഗ്രമായ പ്രവർത്തനങ്ങൾക്ക് പുറമെ ഈ വർഷത്തെ റിപ്പബ്ലിക് ദിനാചരണത്തിലെ എൻ സി സിയുടെ കർമ്മ പദ്ധതികൾക്ക് നൽകിയ സംഭാവന കൂടി പരിഗണിച്ചാണ് അവാർഡ് നല്കപ്പെട്ടത്.

പെരുമ്പിള്ളിച്ചിറ ചിമ്മിനിക്കാട്ട് മാത്യു – ആലീസ് ദമ്പതികളുടെ മകനായ പ്രജീഷ് മാത്യുവിന്റെ ഭാര്യ കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂളിലെ രസതന്ത്ര അധ്യാപിക സീന മോൾ സ്കറിയ ആണ്.കഠിന പരിശ്രമവും അർപ്പണമനോഭാവവും മികച്ച നേതൃത്വപാടവവും വഴി ദേശീയ പുരസ്കാരത്തിന് അർഹനായി കോളേജിന്റെയും നാടിന്റെയും യശ്ശസ്സു യർത്തിയ ക്യാപ്റ്റൻ പ്രജീഷിനെ കോളേജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, എൻ. സി. സി കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ ജി. വി.എസ് റെഡ്ഢി,18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ അനിരുദ്ധ് സിംഗ്, കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടതിൽ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി. റവ.ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്‌, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു അബ്രഹാം, പ്രൊഫ.ബിജു പീറ്റർ, കോളേജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി എന്നിവർ അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *