Timely news thodupuzha

logo

15 കാരന്‍റെ ആത്മഹത‍്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്‍റെ ഇരുപത്തിയാറാം നിലയിൽ നിന്ന് മിഹിർ അഹമ്മദെന്ന(15) സ്കൂൾ വിദ‍്യാർത്ഥി ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരേ ആരോപണങ്ങളുമായി കുടുംബം.

ഇതു സംബന്ധിച്ച തെളിവുകൾ നിരത്തി മാതാപിതാക്കൾ പൊലീസിന് പരാതി നൽകി. മിഹിറിനെ സ്കൂളിലെ സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വാഷ് റൂമിൽ കൊണ്ട് പോയി ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് അമർത്തി.

ഇതിനെ തുടർന്നുണ്ടായ മാനസിക – ശാരീരിക പീഡനം സഹിക്കാൻ വയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറ‍യുന്നു. അതേസമയം കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഗ്ലോബൽ പബ്ലിക്ക് സ്കൂൾ പ്രതികരിച്ചു.

റാഗിങ്ങിനെതിരേ ശക്തമായ നിലപാടാണ് സ്കൂൾ മാനേജ്മെന്‍റിനുള്ളതെന്നും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചാൽ ബന്ധപ്പെട്ട വിദ‍്യാർത്ഥികൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജനുവരി 15നായിരുന്നു ചോറ്റാനിക്കരയ്ക്ക് അടുത്ത് തിരുവാണിയൂരിലുള്ള സ്വകാര‍്യ സ്കൂളിലെ വിദ‍്യാർഥിയായിരുന്ന മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. മകൻ ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക്ക് സ്കൂൾ അധികൃതരിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *