ന്യൂഡൽഹി: ആദായ നികുതി സംബന്ധിച്ച് പാർലമെന്‍റിൽ അടുത്ത ആഴ്ച പുതിയ ബിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ സൂചിപ്പിച്ച ധനമന്ത്രി നിർമല സീതാരാമൻ തുടക്കം മുതൽ ഈ വിഷയത്തിൽ സസ്പെൻസ് നിലർത്തി.
വ്യക്തിഗത ആദായ നികുതി പരിധിയിലെ വ്യത്യാസം ഏറ്റവും ഒടുവിൽ പറയാമെന്ന് ഇടയ്ക്കൊരു സൂചന നൽകിക്കൊണ്ട് പിരിമുറുക്കും കൂട്ടുകയും ചെയ്തു നിർമല.
ഒടുവിൽ, തന്‍റെ എട്ടാം ബജറ്റിലെ ഏറ്റവും അവസാനത്തെ പ്രഖ്യാപനമായി നിർമലയുടെ വാക്കുകൾ – ആദായ നികുതി ഇളവ് പരിധി 12 ലക്ഷം രൂപയായി ഉയർത്തി എന്നായിരുന്നു. നിലയ്ക്കാത്ത കൈയടികൾക്കു നടുവിൽ ഭരണപക്ഷ അംഗങ്ങൾക്കു പോലും അവിശ്വസനീയത. അഞ്ച് ലക്ഷം രൂപ വരെയുണ്ടായിരുന്ന ഇളവ് പരിധിയാണ് ഒറ്റയടിക്ക് 12 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്.
ഫലത്തിൽ, പ്രതമാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവർ പോലും ഇനി ആദായ നികുതിയുടെ പരിധിയിൽ വരുന്നില്ല. ഇളവ് പരിധിക്കു മുകളിൽ വരുമാനമുള്ളവരെ വിവിധ സ്ലാബുകളായി പുനക്രമീകരിച്ച് കൂടുതൽ ഇളവുകളും നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്.