തിരുവനന്തപുരം: വ്യവസായിയും മുൻ എംഎൽഎയുമായ ഡോ. എ യൂനുസ് കുഞ്ഞിന്റെ സ്മരണയ്ക്കായി ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം എന്ന ശീർഷകത്തിൽ നവംബർ 15 മുതൽ ആറ് ലക്കങ്ങളിലായി ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാർഡിന് അർഹനാക്കിയത്. ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസ് കോട്ടയം ബ്യൂറോ റിപ്പോട്ടർ എസ് ടി ഷിനോജും അർഹനായി. ഡോ യൂനുസ് കുഞ്ഞിന്റെ മൂന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫാത്തിമ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ് അറിയിച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരം, രാംനാഥ് ഗോയങ്ക അവാർഡ് , കുഷ്‌റോ ഇറാനി പുരസ്‌കാരം, സ്റ്റേറ്റ്സ്മാൻ അവാർഡിന്റെ ഒന്നാം സ്ഥാനം, കെ സി കുലിഷ് രാജ്യന്തര അവാർഡ് തുടങ്ങിയ അവാർഡുകളും ആർ സാംബന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ മക്കൾ : സാന്ദ്ര, വൃന്ദ. മരുമകൻ : എസ് അനൂപ്.
ഡോ. എ യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് ആർ സാംബന്
