Timely news thodupuzha

logo

പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം

കോട്ടയം: വിവാദ ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ‌ എംഎൽഎയുമായ പി.സി ജോർജിനെതിരേ കേസെടുത്തേക്കില്ല. പി.സി. ജോർജിൻറെ പരാമർശത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

പ്രസംഗത്തിൽ ഏതെങ്കിലും മതത്തിൻറെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് പരാമർശിച്ചിരുന്നില്ല. അതിനാൽ പരാമർശത്തിൽ കേസെടുക്കാനുള്ള കുറ്റങ്ങൾ ഇല്ലെന്നാണ് പൊലീസിനു നിയമോപദേശം ലഭിച്ചിരിക്കുന്നത്. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിലിറങ്ങിയ പി.സി. ജോർജ്, കോടതിയുടെ കർശന നിർദേശം നിലനിൽക്കെയാണു വീണ്ടും വിവാദ പ്രസംഗം നടത്തിയത്.

സംഭവത്തിൽ തൊടുപുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിലാൽ സമദാണ് ഇടുക്കി തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. പി.സി. ജോർജിൻറെ കള്ളപ്രചാരണത്തിനെതിരേ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. പാലായിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു ജോർജിൻറെ വിവാദ പരാമർശം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരകളായെന്നും അതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നുമായിരുന്നു പി.സി ജോർജിൻറെ പരാമർശം. ക്രിസ്ത്യാനികൾ പെൺമക്കളെ 24 വയസിന് മുമ്പ് കല്യാണം കഴിപ്പിച്ചയയ്ക്കണം. മുസ്ലിം സ്ത്രീകൾ ‘പിഴയ്ക്കുന്നില്ല’, അതിന് കാരണം അവരെ പതിനെട്ട് തികയും മുമ്പ് കെട്ടിക്കുന്നതാണ്.

ക്രിസ്ത്യാനി പെൺകുട്ടികൾക്ക് ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസായാലും അവർക്ക് ജോലി ഉണ്ടായാലും അവരെ കെട്ടിക്കില്ല. അതിൻറെ കാരണം കുടുംബത്തിന് ശമ്പളം ഊറ്റിയെടുക്കാനാണെന്നും പി.സി ജോർജ് പറഞ്ഞു. ക്രിസ്ത്യാനികൾ നിർബന്ധമായും പെൺകുട്ടിയുണ്ടെങ്കിൽ ഇരുപത്തിനാല് വയസാകുമ്പോൾ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ എന്നും അദ്ദേഹം പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *