കൊച്ചി: സർവ റെക്കോർഡുകളും തിരുത്തി 66,000 രൂപയും കടന്ന് കുതിപ്പു തുടർന്ന സ്വർണവില. ബുധനാഴ്ച (19/03/2025) പവന് 320 രൂപ കൂടി ഉയർന്നതോടെ ഒരു പവൻ സ്വർണത്തിൻറെ വില 66,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻറെ വില 8290 രൂപയാണ്. മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. ഇതിനു മുൻപ് ജനുവരി 22നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി 60,000 കടക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 3,011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. ഇസ്രയേലിൻറെ ഗാസ ആക്രണത്തിനു ശേഷം പശ്ചിമേഷ്യൻ സംഘർഷം വീണ്ടും മൂർച്ഛിച്ചതാണ് സ്വർണവിലയിലെ കുതിപ്പിനു കാരണം. ഇതോടെ, സ്വർണവില ഇനിയും ഉയരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയായി.