ജറുസലേം: ഗാസയിൽ ചൊവ്വാഴ്ച നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ ലക്ഷ്യം പൂർത്തീകരിക്കും വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പ്രതികരിച്ചു. ഭാവിയിൽ വെടിനിർത്തൽ ചർച്ചകൾ ആക്രമണങ്ങൾക്കൊപ്പമായിരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ സൈന്യത്തിൻറെ ശക്തിയറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും തെനന്യാഹു ഒരു ടെലിവിഷനിൽ സംസാരിക്കവെ പറഞ്ഞു.
വെടിനിർത്തൽ കരാറുകൾ ലംഘിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 400 ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. 562 പേർക്ക് പരുക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളും മുതിർന്ന പൗരന്മാരുമാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം, യുഎസിൻറെ പൂർണ പിന്തുണയാലാണ് ആക്രമണമെന്ന് ഇസ്രയേൽ സർക്കാരിൻറെ വക്താവ് പ്രതികരിച്ചു. ഇസ്രയേലിന് നൽകുന്ന പിന്തുണയ്ക്ക് യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന് ഇസ്രയേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസെർ നന്ദി അറിയിച്ചു.