ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്മി. തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.
പരിപാടിയിൽ പങ്കെടുത്ത കെമി എന്ന പെൺകുട്ടി തനിക്ക് വീട്ടിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ പങ്കു വച്ചിരുന്നു. അതിന് ഐക്യദാർഢ്യം പങ്കു വച്ചു കൊണ്ടാണ് നടൻ ശരത് കുമാറിൻറെയും ഛായയുടെയും മകളായ നടി തനിക്കും ഇതേ അനുഭവമുള്ളതായി തുറന്നു പറഞ്ഞത്.
ഞാനും നിങ്ങളെപ്പോലെ തന്നെയാണ്. എൻറെ രക്ഷിതാക്കൾ എന്നെ വീട്ടിലാക്കി ജോലിക്കായി പോകും. മറ്റുള്ളവരെ എൻറെ കാര്യങ്ങൾ നോക്കാനായി ഏൽപ്പിക്കുന്നത് അക്കാലത്ത് പതിവായിരുന്നു.
അക്കാലത്ത് 5-6 പേർ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങളുടെ കഥയെന്നാൽ എൻറെ കഥ തന്നെയാണ്. എനിക്ക് മക്കളില്ല. പക്ഷേ ഞാനെല്ലാ രക്ഷിതാക്കളോടും പറയുന്നതെന്തെന്നാൽ നല്ല സ്പർശനവും ചീത്ത സ്പർശനവും എന്താണെന്ന് നിങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്നാണ്.
കരഞ്ഞു കൊണ്ടാണ് വരലക്ഷ്മി സ്വന്തം അനുഭവം വെളിപ്പെടുത്തിയത്. ക്യാമറയ്ക്കു മുന്നിൽ കരയാറില്ലെന്നും അതു കൊണ്ട് തന്നെ ക്ഷമ ചോദിക്കുന്നുവെന്നും താരം പറയുന്നുണ്ട്.