Timely news thodupuzha

logo

5 വർഷം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപികയ്ക്ക് മരണശേഷം താൽക്കാലിക നിയമനം

കോഴിക്കോട്: നിയമനം സ്ഥിരപ്പെടാഞ്ഞതിനാൽ 5 വർഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിക്ക് മരണശേഷം നീതി. അലീന മരിച്ച് 24-ാം ദിവസം താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവിറങ്ങി.

ഫെബ്രുവരി 19 നാണ് 5 വർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ അലീന ബെന്നി ആത്മഹത്യ ചെയ്യുന്നത്. മാർച്ച് 15 നാണ് അലീന ബെന്നിക്ക് എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അംഗീകാരം നൽകിയത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിനു പകരം പ്രതിദിനം 955 രൂപ ദിവസവേതന നിരക്ക് എന്ന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചിട്ടുള്ളത്.

താമരശേരി എഇഒ നിയമന നടപടി അംഗീകരിച്ച് അറിയിപ്പിറക്കിതോടെയാണ് അംഗീകാര ഉത്തരവ് മാനേജ്മെൻറായ താമരശേരി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിക്ക് ലഭിക്കുന്നത്. ഇതോടെ, 9 മാസത്തെ ശമ്പള ആനുകൂല്യങ്ങൾ അലീനയുടെ കുടുംബത്തിന് ലഭിക്കും.

കോടഞ്ചേരി സെൻറ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

അലീനയുടെ മരണത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിനും മാനേജ്മെൻറിനും എതിരെ കുടുംബം വിമർശനം ഉയർത്തിയിരുന്നു. എന്നാൽ നിയമന അംഗീകാരം നൽകാത്തതിനു താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയാണുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *