ഔരിയ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്ന് 22കാരി. ഉത്തർപ്രദേശിലെ ഔരിയയിലാണ് സംഭവം. കേസിൽ പ്രഗതി യാദവ് കാമുകൻ അനുരാഗ് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 5നാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം രക്ഷിതാക്കൾ നടത്തിയത്.
എന്നാൽ പ്രഗതി കഴിഞ്ഞ നാലു വർഷമായി അനുരാഗുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹശേഷം പ്രഗതിക്കും അനുരാഗിനും പരസ്പരം കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ദിലീപിനെ കൊല്ലാനായി ഇരുവരും ചേർന്ന് ക്വൊട്ടേഷൻ നൽകിയത്. രാമാജി ചൗധരി എന്ന വാടകക്കൊലയാളിയും സംഘവും ചേർന്ന് മാർച്ച് 19ന് ദിലീപിനെ വയലിലേക്ക് പിടിച്ചു കൊണ്ടു പോയി മർദിക്കുകയും വെടിവയ്ക്കുകയുമായിരുന്നു.
ഇതിനായി രണ്ട് ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഗുരുതരമായി പരുക്കേറ്റ ദിലീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.