സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റു പലവിധ നിയമലംഘനങ്ങളും തുടർച്ചയായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് ബസുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഗതാഗത വകുപ്പ് മുൻകൈ എടുത്തിരിക്കുന്നത്. അപകടങ്ങൾ വർധിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആൻറണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ബസുകളിൽ രണ്ടു വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കുന്നതിനു തീരുമാനിച്ചത്. ബസിൽ നിന്നു റോഡും ബസിൻറെ ഉൾവശവും കാണത്തക്ക വിധമാണു ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഈ മാസം ഇരുപത്തെട്ടിനകം ഇതു നടപ്പാക്കണമെന്നാണു നിർദേശം. ഇതിനു പുറമേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കൃത്യമായ മേൽനോട്ടം ഉറപ്പുവരുത്തുന്നത് നിയമലംഘനങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണിത്. സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങളെക്കുറിച്ചു തുടർച്ചയായി പരാതി ഉയരുന്ന കൊച്ചിയിൽ ഇത്തരം സംഭവങ്ങളെക്കുറിച്ച് സിറ്റി ട്രാഫിക് പൊലീസിനെ അറിയിക്കാൻ വാട്സ്ആപ് നമ്പരും നിലവിൽ വന്നിട്ടുണ്ട്. ബസ് ജീവനക്കാർക്ക് ആറു മാസത്തിലൊരിക്കൽ സൗജന്യ പരിശീലനവും കൗൺസലിങ്ങും, ഡ്രൈവർമാർക്കും കണ്ടക്റ്റർമാർക്കും ആറു മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഇതെല്ലാം സ്വാഗതാർഹമായ കാര്യങ്ങൾ തന്നെയാണ്. എന്നാൽ, ഫലവത്താവുക എന്നതാണു പ്രധാനം. വേഗപ്പൂട്ട് അടക്കം എന്തൊക്കെ നടപടികളാണു മുൻപും നിരത്തുകൾ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ചിരുന്നത്.
എല്ലാം കഴിഞ്ഞിട്ടും അമിത വേഗം നിയന്ത്രിക്കുന്നതിലോ അപകടകരമായ വിധത്തിലുള്ള ഡ്രൈവിങ് ഒഴിവാക്കുന്നതിലോ ഒന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കോഴിക്കോട്ട് ഒരു സ്വകാര്യ ബസിലെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ഏതാനും ദിവസം മുൻപാണ്. ഏഴു കിലോമീറ്ററിനിടെ എട്ടു തവണയാണ് ഇയാൾ ഫോണിൽ സംസാരിച്ചത്. യാത്രക്കാരുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെ എത്ര അലക്ഷ്യമായാണ് ഇയാൾ വാഹനം ഓടിച്ചത്. നഗരത്തിലെ പ്രധാന റോഡുകളിൽ പോലും നിയമലംഘനങ്ങൾ ആരെങ്കിലും കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന് ഇത്തരത്തിലുള്ളവർ ആശങ്കപ്പെടുന്നില്ല. അതുകൊണ്ടാണല്ലോ അപകടകരമായ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോഴും അലക്ഷ്യമായി വാഹനം ഓടിക്കാൻ കഴിയുന്നത്. സംസ്ഥാനത്തു പലയിടത്തും സ്വകാര്യ ബസുകളിലെ സ്പീഡ് ഗവേണർ നോക്കുകുത്തിയാവുന്നുണ്ടെന്ന ആക്ഷേപം വളരെക്കാലമായിട്ടുണ്ട്. പരിശോധനയ്ക്കു ചെല്ലുമ്പോൾ മാത്രം ഇവ ഘടിപ്പിക്കുകയും അതു കഴിഞ്ഞാൽ മരണപ്പാച്ചിൽ നടത്തുകയും ചെയ്യുന്നവർ ഈ മേഖലയിലുണ്ട്. എല്ലാ ബസുകളും അങ്ങനെയാണെന്നല്ല.
നിയമലംഘനങ്ങൾക്കു യാതൊരു മടിയും ആശങ്കയുമില്ലാത്തവർ നല്ല നിലയിൽ പ്രവർത്തിക്കുന്നവർക്കു കൂടി പ്രശ്നമുണ്ടാക്കുകയാണ്. ഇനി ക്യാമറ വന്നാലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നു വരരുത്. ഓരോ ബസുകളുടെയും ചുമതല ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകുമെന്നും നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകുമെന്നും പറയുന്നുണ്ട്. അത് എത്രമാത്രം പ്രായോഗികമാവുമെന്നും ആലോചിക്കേണ്ടതാണ്. എന്തായാലും ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനു തുടക്കത്തിലേ എതിരഭിപ്രായം ഉയർന്നു കഴിഞ്ഞു. ഈ നീക്കം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവയ്ക്കുമെന്നാണു ബസുടമകൾ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു തങ്ങളെന്നും ക്യാമറ സ്ഥാപിക്കാൻ പണം കണ്ടെത്താനാവില്ലെന്നും അവർ പറയുന്നു. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബാക്കി വരുന്ന പണമാണ് ബസ് ഉടമകൾ മുടക്കേണ്ടിവരിക. അതിനുള്ള സാഹചര്യമില്ലെന്നത്രേ ഉടമകൾ പറയുന്നത്.
മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷാ അഥോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം ബസുടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണ് ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. അതിനെ ബസുടമകൾ തന്നെ ഇപ്പോൾ എതിർക്കുന്നു. മുഴുവൻ പണവും റോഡ് സുരക്ഷാ ഫണ്ടിൽ നിന്നു കണ്ടെത്തി ക്യാമറ വാങ്ങി നൽകണമെന്നാണ് ഉടമകളുടെ ആവശ്യം. ക്യാമറ ഘടിപ്പിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്കു മാറ്റണമെന്നും അവർ പറയുന്നുണ്ട്.
സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർവീസ് നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പും വന്നു കഴിഞ്ഞു. സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബസ് ഉടമകളും തൊഴിലാളികളും എല്ലാം സഹകരിച്ചുള്ള നീക്കങ്ങളാണ് സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായിട്ടുള്ളത്. സുരക്ഷിതമായ യാത്ര എല്ലാവരുടെയും ആവശ്യമാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവണം.