തിരുവനന്തപുരം: ബിജെപി മുൻ ജില്ലാ പ്രസിഡൻറ് വി.വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട തിരുവനന്തപുരത്ത് പോസ്റ്ററുകൾ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണം വി.വി രാജേഷ് ആണെന്നുമാണ് പോസ്റ്ററുകളിൽ ആരോപിക്കുന്നത്.

കോൺഗ്രസിൽ നിന്ന് പണം പറ്റിയാണ് രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയത്. ഇഡി റബർ സ്റ്റാമ്പല്ലെങ്കിൽ രാജേഷിൻ്റെ അനധികൃത സ്വത്ത് കണ്ടുകെട്ടണം. രാജേഷിൻറെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
ഇംഗ്ലിഷിലും മലയാളത്തിലുമുള്ള പോസ്റ്ററുകൾ തിരുവനന്തപുരം പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസ്, പഴയ സംസ്ഥാന കമ്മിറ്റി ഓഫിസ്, വി.വി രാജേഷിൻ്റെ വസതി എന്നിവയ്ക്ക് മുന്നിലായാണ് പതിപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പുറകേയാണ് പാർട്ടിക്കുള്ളിലെ പട മറ നീക്കി പുറത്തു വന്നിരിക്കുന്നത്. പാർട്ടി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ കെ സുരേന്ദ്രൻ്റെ വിശ്വസ്തരിൽ ഒരാളാണ് രാജേഷ്. ഇയാൾക്കെതിരേ മുമ്പും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.