മാനന്തവാടി: ചത്ത ആടുകളുടെ ജഡം വനത്തിൽ തള്ളാൻശ്രമിച്ച രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. കൽറ സദ്ദാം(28), നാദു(52), തളിയ മുഷ്താഖ്(51), മൊഹല്ല ഇർഫാൻ(34) എന്നിവരെയാണ് ബേഗൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. സന്തോഷ് കുമാർ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കാട്ടിക്കുളം ബേഗൂർ ഇരുമ്പുപാലത്തിനു സമീപത്തുള്ള ചേമ്പുംകൊല്ലി വനത്തിൽ ആടുകളുടെ ജഡം തള്ളാനായിരുന്നു സംഘത്തിൻറെ ശ്രമം. പുറകെ എത്തിയ വാഹനത്തിലുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ വാഹനവുമായി കടന്നുകളഞ്ഞിരുന്നു.
അന്വേഷണം തുടർന്ന ഇവരെ ഒടുവിൽ തോൽപ്പെട്ടി വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം പിടികൂടുകയായിരുന്നു. തുടർന്ന് ഇവരേയും ആടുകളെ കടത്താനുപയോഗിച്ച വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 25ന് കോഴിക്കോട് സ്വദേശിക്കായാണ് രാജസ്ഥാനിൽ നിന്ന് മംഗലാപുരം വഴി 220 ആടുകളുമായി സംഘം പുറപ്പെട്ടത്.
ഇതിൽ 35 ആടുകളാണ് ചത്തത്. പിന്നീട് മാർച്ച് 29ന് പുലർച്ചെ രണ്ടോടെ ചത്ത ആടുകളുമായി സംഘം മടങ്ങി. ഇവ വനത്തിൽ തള്ളി കടന്നുകളയാനായിരുന്നു ശ്രമം.
കസ്റ്റഡിയിലെടുത്തവരെ മാനന്തവാടി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി (ഒന്ന്)ൻറെ ചുമതലയുള്ള സുൽത്താൻ ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. ആടുകളുടെ ജഡം സംസ്കരിക്കാൻ വനപാലകർക്ക് കോടതി നിർദേശം നൽകി.