ന്യൂഡൽഹി: പൂജ സാധനങ്ങൾ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ കമ്മീഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് കെ.ടി ശങ്കരൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
മുഴുക്കാപ്പ്, കളഭ ചാർത്ത് എന്നിവയ്ക്കായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് യഥാർഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നൽകുന്ന കാര്യം ബോർഡ് ആലോചിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൃത്രിമ ചന്ദനവും രാസവസ്തുക്കൾകൊണ്ട് നിർമ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങൾ കേടാക്കുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നതായും റിപ്പോർട്ടിലുണ്ട്. യഥാർഥ ചന്ദനത്തിന് ഉയർന്ന വില ആയതിനാലാണ് ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നും അതിൽ സൂചിപ്പിക്കുന്നു. ഇന്ന് സുപ്രീം കോടതി റിപ്പോർട്ട് പരിഗണിക്കും.