തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ മാരാംങ്കോട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്.
ചേരിയേക്കര ജോസിൻറെയും മേരിയുടേയും മൂത്തമകനായ ശിശുപാലനെന്ന് വിളിക്കുന്ന ഷിജു(43)വിനെയാണ് അടുത്ത വീട്ടുകാരനായ മാരാംങ്കോട് ആട്ടോക്കാരൻ അന്തോണി(69) കൊടുവാൾ കൊണ്ട് വെട്ടി കൊന്നത്. സംഭവത്തിന് ശേഷം വീട്ടിലുണ്ടായ അന്തോണിയെ വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ.കൃഷ്ണനും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ നടന്നു പോകുന്ന വഴിയെ ചൊല്ലി തർക്കം നിലവിലുണ്ടായിരുന്നു. വീടിന് പടിഞ്ഞാറ് ഭാഗത്ത് കൂടെ ഷിജു നടന്ന് പോകുന്നതിൽ അന്തോണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭാര്യയുടെ മരണത്തെ തുടർന്ന് അന്തോണി വീട്ടിൽ ഒറ്റക്കായിരുന്നു താമസം. മക്കൾ ജോലി സംബന്ധമായി പുറത്താണ്.
ശനിയാഴ്ച സന്ധ്യയോടെ ഷിജുവിൻറെ വീട്ടിലെ നായ കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. രാത്രി പത്തരയോടെ ഷിജുവിൻറെ വീടിന് അടുത്ത് വന്ന് അന്തോണി ബഹളം വച്ചു. പുറത്തിറങ്ങി വന്ന ഷിജുവിനെ കൈവശം കരുതിയിരുന്ന കൊടുവാൾ കൊണ്ട് തലയിലും മുഖത്തും കഴുത്തിലും വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ് വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ. കൃഷ്ണൻ ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ,കെ.ടി.ജോഷി,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു.കെ.ഒ,വി.രാഗേഷ്,സിവിൽ പൊലീസ് ഓഫീസർമാരായ അമൽരാജ് ടി.എം,രഞ്ജിത് എ.ആർ,അഭിലാഷ്, എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്തോണിയെ കോടതിയിൽ ഹാജരാക്കി. മരിച്ച ഷിജു അവിവാഹിതനാണ്. വിദേശത്ത് നിന്ന് നാടിലെത്തിയിട്ട് കുറച്ച് മാസങ്ങളായി. ജിഷോ, ഷിൻറോ എന്നിവരാണ് സഹോദരങ്ങൾ.