മുംബൈ: വിമാനത്താവളങ്ങളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും വീൽ ചെയറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാത്തതിൽ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. യാത്രക്കാരുടെ ദുരിതം ഒഴിവാക്കാൻ വീൽ ചെയറുകൾ പോലുള്ള സൗകര്യങ്ങൾ കൃത്യസമയത്ത് ലഭ്യമാകണമെന്ന് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
എല്ലാ സൗകര്യങ്ങളും ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) വിമാനക്കമ്പനികളും സ്വമേധയാ ഉറപ്പാക്കണം. മനുഷ്യജീവനുകളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ആരും കഷ്ടപ്പെടരുത്. ഇക്കാര്യത്തിൽ എല്ലാ വിമാനക്കമ്പനികളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബുക്കിങ്ങ് കൂടിയതിനാലാണ് ഹർജിക്കാർക്ക് വീൽ ചെയർ നൽകാതിരുന്നതെന്ന ഡിജിസിഎയുടെ മറുപടിയെയും കോടതി വിമർശിച്ചു.