ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തികെയെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്. മോദി സൗദിയിലേക്ക് പോയപ്പോഴും തിരിച്ചുവന്നപ്പോഴും വിമാനം വ്യത്യസ്ത പാതകൾ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മോദിയുടെ ബോയിംഗ് 777-300 (K7076) വിമാനത്തിൻറെ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഡൽഹിയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മോദി സഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു.
എന്നാൽ, തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഈ പാത ഒഴിവാക്കി, അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് മോദി ബുധനാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയത്. ഇത് നേരത്തെ സഞ്ചരിച്ചതിലും ദൂരമുള്ള പാതയാണ്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ആദ്യം സൗദി അറേബ്യയിൽനിന്നു പ്രധാനമന്ത്രി മോദി തിരികെയെത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച പഹൽഗാമിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു.