കോഴിക്കോട്: സൗഹൃദം വേർപ്പെടുത്തിയതിൻറെ പേരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കളളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്തുളള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ ഇയാൾ കുത്തി വീഴ്ത്തുകയായിരുന്നു.
ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ലഹരി കേസിൽ സലീം അറസ്റ്റിലായതോടെയാണ് ജംഷീന ഇയാളുമായുളള സൗഹൃദം അവസാനിപ്പിക്കുന്നത്. ഇതാണ് സലീമിന് ജംഷീനയോട് വൈരാഗ്യം ഉണ്ടാവാനുളള കാരണമെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.