ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സൈനിക വിഭാഗങ്ങളുടെയും മേധാവികളുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേദാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി എന്നിവർ പങ്കെടുത്തു.
ജമ്മു കശ്മീരിൻറെ സമഗ്രമായ സുരക്ഷാ വിഷയങ്ങളിൽ യോഗത്തിൽ ചർച്ച ചെയ്തു. വൈകിട്ട് ചേരുന്ന പ്രതിരോധകാര്യ മന്ത്രിസഭാ ഉപസമിതി ഈ വിഷയം കൂടുതൽ വിശദമായി ചർച്ച ചെയ്യും. പഹൽഗാമിലെ സുരക്ഷാ സാഹചര്യങ്ങൾ ജനറൽ ദ്വിവേദിയും അഡ്മിറൽ ത്രിപാഠിയും പ്രതിരോധ മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ വിഭാഗങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു. കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുമുണ്ട്.