ന്യൂഡല്‍ഹി: പഹൽഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. സംഘത്തിലുണ്ടായിരുന്ന ആദിൽ തോക്കർ, അഹ്സാൻ എന്നിവർ കശ്മീരി ഭീകരരാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി സുരക്ഷാസേന പുറത്തുവിട്ടു.
ഇതോടെ അഞ്ച് ഭീകരരുടെ രേഖാചിത്രങ്ങളാണ് പുറത്ത് വിന്നിരിക്കുന്നത്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയതെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സുരക്ഷാസേന അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്കും 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഫാഷിം മൂസ എന്ന പാക്കിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍.
മൂസ മുമ്പ് രണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ലഷ്കർ-ഇ-തൊയ്ബയ്ക്ക് പുറമെ താഴ്‌വരയിൽ പ്രവർത്തിക്കുന്ന മറ്റ് പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുമായും മൂസ പ്രവർത്തിച്ചിരിക്കാമെന്ന് സൈന്യം സംശയിക്കുന്നു. ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.