തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുൻപാണ് കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്.
കേസ് മുൻപ് അന്വേഷിച്ചിരുന്ന വിജിലൻസ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവ് വിജിലൻസ് പാലിച്ചില്ല. പലതവണ കൊച്ചിയിലെ സിബിഐ എസ്പി വിജിലൻസ് ഡയറക്ടർക്ക് രേഖകൾ കൈമാറുന്നത് സംബന്ധിച്ച് കത്തുനൽകിയിരുന്നു.
വെള്ളിയാഴ്ച വരെയും വിജിലൻസ് കത്തിന് മറുപടി നൽകിയില്ല. തുടർന്ന് കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഒരു പരാതി സിബിഐ എഴുതിവാങ്ങി. പിന്നീടാണ് സിബിഐ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയിൽ കേസിൻറെ എഫ്‌ഐആർ സിബിഐ സംഘം സമർപ്പിക്കും.