ന്യൂഡൽഹി: രാജ്യത്തെ വേദനിപ്പിക്കാൻ തുനിയുന്നവർക്ക് തിരിച്ചടി നൽകേണ്ടത് തൻറെ ഉത്തരവാദിത്വമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. സൈനികർക്കൊപ്പം പ്രവർത്തിച്ച് രാജ്യാതിർത്തിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയിൽ എൻറെ ഉത്തരവാദിത്വമാണ്.
ദുഷ്ടലാക്കോടെ നോക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്നാഥ് സിങ്. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
നേരത്തേ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പ്രധാനമന്ത്രിയെ കണ്ടിരുന്നു.
പഹൽഗാം ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നും ഇതിനു സമയവും സ്ഥലവും തീരുമാനിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിച്ചു. ഇക്കാര്യത്തിൽ ഒരു പടി കൂടി കടക്കുന്നതാണു രാജ്നാഥിൻറെ പ്രസ്താവന.
പഹൽഗാം ആക്രമണത്തിനു പകരം വീട്ടുംവരെ താൻ സ്വീകരണ പരിപാടികളിൽ പങ്കെടുക്കില്ലെന്നും ഒരു ചടങ്ങിലും പൂച്ചെണ്ട് സ്വീകരിക്കില്ലെന്നും കേന്ദ്ര മന്ത്രി സി.ആർ. പാട്ടീൽ പ്രഖ്യാപിച്ചു. ഇതിനിടെ, രാജ്യത്തെ പ്രധാന പ്രതിരോധ ഫാക്റ്ററികളിൽ അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ചു.
രമധ്യപ്രദേശിലെ ജബൽപുരിലുള്ള ഓർഡനൻസ് ഫാക്റ്ററി ഖമാരിയ, മഹാരാഷ്‌ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള ഓർഡനൻസ് ഫാക്റ്ററി തുടങ്ങി വിവിധ ഫാക്റ്ററികളാണ് ജീവനക്കാരുടെ അവധി റദ്ദാക്കിയത്. ണ്ടു ദിവസത്തിലധികം അവധിയെടുത്ത മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാവരും അടിയന്തരമായി തിരികെയെത്താനാണു നിർദേശം.