ഇടുക്കി: കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു കൊന്നത്തടി കൊമ്പൊടിഞ്ഞാലിൽ വീട് കത്തിചാമ്പലായ വിവരം പുറം ലോകമറിയുന്നത്. തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ് പൊന്നമ്മ,ശുഭയുടെ മക്കളായ അഭിനന്ദ്, അഭിനവ് എന്നിവരായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്.
ഇവർ നാലുപേരും പൊള്ളലേറ്റ് മരിച്ചതായാണ് പ്രാഥമിക അനുമാനം.ഇതിൽ 5 വയസ്സുകാരൻ അഭിനവിന്റെ മരണം മാത്രമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്.വീടിനുള്ളിൽ കാണപ്പെട്ടിട്ടുള്ള മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ച് കൂടുതൽ വൃക്തത വരുത്തിയാൽ മാത്രമെ മരണങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം നടത്താനാകുവെന്ന് പോലീസ് പറഞ്ഞു.
ഇതിന് വേണ്ടുന്ന തുടർ നടപടികൾ പോലീസ് ആരംഭിച്ചു.സമീപവാസികൾ എത്തിയപ്പോൾ വീട് കത്തിചാമ്പലായ നിലയിലായിരുന്നു.ഉടൻ വെള്ളത്തൂവൽ പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഭിനവിന്റെ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ആളുകൾ എത്തിയപ്പോഴേക്കും തീ പാടെ കെട്ടടങ്ങിയ നിലയിലായിരുന്നു.വെള്ളിയാഴ്ച്ചയാണോ തീപിടിത്തമുണ്ടായതെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പാടെ കത്തിചാമ്പലായ നിലയിലാണ്.എന്നാണ് തീ പിടുത്തമുണ്ടായത് വീടിന് തീപിടിക്കാൻ ഉണ്ടായ സാഹചര്യം ഇവ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതായുണ്ട്.
അധികം ആൾവാസമില്ലാതിരുന്നിടത്താണ് അഗ്നിക്കിരയായ വീടുള്ളത് എന്നത് സംഭവം പുറംലോകമറിയാൻ വൈകുന്നതിന് കാരണമായി.ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി തുടർ പരിശോധനകൾ നടത്തിയാൽ മാത്രമെ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാനാകു.