ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം പതിനായിരങ്ങൾക്ക് ദർശന പുണ്യമായി. ചൈത്ര മാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്കായി തുറക്കുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിലേക്ക് പുലർച്ചെ മുതൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ഭക്തരുടെയും സഞ്ചാരികളുടെയും ഒഴുക്കായിരുന്നു.

കേരളവും തമിഴ്‌നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകൾ നടന്നു.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള – തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്.

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നേതൃത്വം നൽകി. എ ഡി എം ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ തന്നെ ക്ഷേത്രത്തി ലെത്തി ഉത്സവ ഒരുക്കങ്ങൾ വിലയിരുത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ എന്നിവരും മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു. ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നൽകി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ, മൈക്ക് അനൗൺസ്‌മെൻ്റ് തുടങ്ങിയ സൗകര്യ ങ്ങൾ ഒരുക്കിയിരുന്നു.