ഹൈദരാബാദ്: തെലങ്കാനയിൽ സ്ത്രീകളെ കൊണ്ട് മിസ് വേൾഡ് മത്സരാർഥികളുടെ കാൽ കഴുകിച്ച സംഭവം വിവാദത്തിൽ. തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ മുളുഗു രാമപ്പ ക്ഷേത്രം മിസ് വേൾഡ് മത്സരാർഥികൾ സന്ദർശിച്ചിരുന്നു. ഇതിനിടെ സ്ത്രീകൾ ഇവരുടെ കാൽ കഴുകി തുടയ്ക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
തെലങ്കാനയിലെ പിന്നാക്ക സ്ത്രീകളെ ഇതിനായി ഉപയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബി.ആർ.എഫ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാൽ കഴുകാൻ നിയോഗിക്കപ്പെട്ടത് കോളോണിയൽ മനസ്ഥിതിയുടെ ഭാഗമാണെന്ന് ബിജെപിയും വിമർശിച്ചു. എന്നാൽ, ഇത് ഇന്ത്യൻ സംസ്ക്കാരത്തിൻറെ ഭാഗമാണെന്നാണ് പരിപാടിയുടെ സംഘാടകർ നൽകുന്ന വിശദീകരണം.