കോഴിക്കോട്: തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷൻറെ നിർദ്ദേശങ്ങൾ മറികടന്നാണ് വൻകിട തോട്ടങ്ങളിൽ നിന്നുളള സീനിയറേജ് തുക വേണ്ടെന്ന തീരുമാനത്തിൽ സർക്കാരെത്തിയത്. കമ്മീഷൻ ശുപാർശ ചെയ്തത് സീനിയറേജ് തുക കുറയ്ക്കണമെന്നായിരുന്നു. എന്നാൽ തുക പൂർണമായും ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. ലക്ഷക്കണക്കിന് മരങ്ങൾ ഹാരിസണിൻറെ 11 തോട്ടങ്ങളിൽ നിന്ന് മുറിക്കാനിരിക്കെയായിരുന്നു ഈ ആനുകൂല്യം.
കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് കമ്പനിക്ക് ഇതുവഴി ലഭിച്ചത്. കമ്പനികൾ ആവശ്യപ്പെട്ടത് റബ്ബർ മേഖല പ്രതിസന്ധി കണക്കിലെടുത്ത് സീനിയറേജ് കുറയ്ക്കണമെന്ന് മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ തുക പൂർണമായും വേണ്ടെന്ന നിലപാടിലൂടെ വൻകിട കമ്പനികൾക്ക് ലാഭം വിതച്ചത്.