ലോകം കണ്ട വലിയ രണ്ട് യുദ്ധങ്ങൾക്ക് ശേഷം അനേകം നിരപരാധികളുടെ ചോരയും കണ്ണീരും കുതിർന്ന പോരാട്ട ഭൂമിയായി യുക്രൈനെ മാറ്റിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ വർഷം ഫെബ്രുവരി 24 ആം തീയതിയാണ് ലോകത്തെ തന്നെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യൻ സൈന്യം പ്രസിഡന്റ് വ്ലാഡിമർ പുതിന്റെ നിർദ്ദേശമനുസരിച്ച് യുക്രൈനിലേക്ക് പുറപ്പെട്ടത്. പിന്നീട് യുക്രൈനെ തലങ്ങും വിലങ്ങുമിട്ട് ആക്രമിച്ചു. രാജ്യത്തെ സാമ്പത്തികമായി പിടിച്ചു കുലുക്കുന്നതിൽ റഷ്യ വിജയിച്ചു എന്നുതന്നെ പറയാം. അത്രയധികം സൂക്ഷ്മതയോടെയായിരുന്നു റഷ്യയുടെ നീക്കം. അതിനായി അവർ ഊർജനിലയങ്ങൾ തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവയെ തരിപ്പണമാക്കി.
യുക്രൈനിൽ നിന്നും തൂത്ത് തുടച്ച് കളഞ്ഞു എന്നു തന്നെ അനുമാനിക്കാം. 13,800 കോടി ഡോളറോളം ചിലവഴിച്ചെങ്കിലേ ഊർജശ്രോതസ്സുകൾ ഇനി പഴയ നലയിലേക്ക് എത്തുയുള്ളൂ. കാർഷികമേഖലയിൽ 28000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. യുക്രൈനിന്റെ സാമ്പത്തികശേഷി 35 ശതമാനമായി കുറയുമെന്നാണ് ലോക ബങ്കിന്റെ വിലയിരുത്തൽ. ഇതിനെല്ലാം പുറമെ 3000 സ്കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 239 സാംസ്കാരിക കേന്ദ്രങ്ങളും ഇന്നവിടെ പ്രശ്നങ്ങളുടെ വക്കിൽ തൂങ്ങിക്കിടക്കുകയാണ്.
മരണത്തിൻറെ അജ്ഞാതമായ കണക്ക് വേറയും. യുക്രൈനിലെ പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ഒരു ലക്ഷം സൈനികരും കൂടാതെ റഷ്യയിലെ രണ്ടു ലക്ഷം പട്ടാളക്കാരും കൊല്ലപ്പെട്ടു എന്നാണ് അമേരിക്കയുടെ റിപ്പേർട്ട്. ഇരു രാജ്യങ്ങൾക്കും നഷ്ടമെന്ന് മാത്രമല്ല മിച്ചം വെക്കാൻ പോലും ഒന്നുമില്ല. യുക്രൈൻ വെട്ടിപ്പിടിക്കാൻ ഒരുങ്ങിയ റഷ്യ എന്ത് നേടിയെന്ന ചോദ്യം ഉയർത്തി അമർഷം തീർക്കാം, കുറ്റപ്പെടുത്താം. ഇതിനിടയിൽ യുക്രൈന് സഹായഹസ്തവുമായി ജെർമനിയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സംഘടനയും എത്തിയിരുന്നു. എങ്കിലും രാജ്യത്തെ വിലമതിക്കാനാവാത്ത നഷ്ടങ്ങൾക്ക് പകരം വെയ്ക്കാൻ കഴിയില്ലല്ലോ.