കൊച്ചി: കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു വാരാപ്പുഴയിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കികുയും ചെയ്തിരുന്നു. വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്നാണ് പരിശോധനക്കുശേഷം കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ അറിയിച്ചിരിക്കുന്നത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന സംശയവും നിലനിൽക്കുന്നു. ഇത് കണ്ടെത്തുന്നതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ചൂണ്ടിക്കാട്ടി.
അപകടം നടന്ന വീട്ടിൽ ചെറിയ തോതിൽ പടക്കം വിൽക്കാനുള്ള ലൈസൻസിൻറെ മറവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പടക്കം ഇവിടെ നിർമ്മിച്ചതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി. മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കൾ പെട്ടന്ന് മഴ പെയ്തപ്പോൾ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയൽവാസികളോട് വ്യക്തമാക്കിയത്.