തിരുവനന്തപുരം: പ്രവര്‍ത്തകരിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്. 137 രൂപ 138 രൂപ ചലഞ്ചുകൾ കെ.പി.സി.സി ആരംഭിച്ചിരുന്നു. ഇതിലൂടെ പ്രവര്‍ത്തകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതാണ്ട് 3.5 കോടിയുടെ വലിയ ബാധ്യതയായിരുന്നു കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത നാളില്‍ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന് ഉണ്ടായിരുന്നത്. അന്ന് മുതല്‍ ആ കടബാധ്യതയില്‍ നിന്ന് ഈ സ്ഥാപനത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാന രീതിയിൽ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ടെന്നും കെ.പി.സി.സിയുടെ അടുത്ത ലക്ഷ്യം ഈ സ്ഥാപനങ്ങളെ കടബാധ്യതയിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്നും സുധാകരൻ വ്യക്തമാക്കി.