കൊച്ചി: കേരളത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അർഹരായ ബി.പി.എൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. ആറ് മാസം മുമ്പ് തദ്ദേശഭരണ വകുപ്പിനെ പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ് കൈമാറിയത്. വിദഗ്ധ സമിതി പ്രവർത്തന മൂലധനം കണ്ടെത്താൻ സമർപ്പിച്ച റിപ്പോർട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തർക്കങ്ങളും തീർന്നിട്ടില്ല. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പറഞ്ഞിരുന്നത്.
നാല് ജില്ലകളിൽ നിന്ന് ഒരാള് പോലും ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. 100 പേരാണ് നിയോജക മണ്ഡല അടിസ്ഥാനത്തിലെങ്കിൽ ഒരു വാർഡിൽ നിന്ന് പരമാവധി ഉൾപ്പെടുത്താനാകുക ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമാണ്. അതിനാൽ സർക്കാർ മാനദണ്ഡപ്രകാരം ലിസ്റ്റെടുക്കാൻ പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബാക്കി ലിസ്റ്റ് ചോദിക്കുമ്പോഴുള്ള തദ്ദേശ ഭരണ വകുപ്പിന്റെ മറുപടി.