Timely news thodupuzha

logo

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ശാരീരികമായ വ്യത്യസ്തത കൊണ്ട് സമൂഹത്തിലെ പലയിടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു വിഭാ​ഗമായിരുന്നു 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിലൂടെ ഉയർത്തെഴുന്നേറ്റത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തി. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം, ഈ സമരാഗ്‌നി ലോകമാകെ പടരാൻ താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.

തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു.

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്. 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്. റഷ്യയിലും അൽബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *