മുട്ടം: പച്ചിലാംകുന്നിൽ തള്ളിയ മാലിന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.പത്തോളം തൊഴിലാളികളെ രാവിലെ മുതൽ പണിയെടുപ്പിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയാണ് മാലിന്യം റോഡിലേക്ക് എത്തിച്ചത്.മാലിന്യം നീക്കം ചെയ്യാൻ പതിനായിരം രൂപയിലധികം ചിലവായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.ടിപ്പർ ലോറിയിൽ രണ്ട് ലോഡ് മാലിന്യം കോരി മാറ്റി.ഇനി ഇത് തരം തിരിച്ച ശേഷം ക്ലീൻ കേരളക്ക് കൈമാറും.കിലോ ഒന്നിന് 12 രൂപ വീതം നൽകി വേണം മാലിന്യം കയറ്റി അയക്കാൻ.
ഇതിന് ചിലവാകുന്ന തുക അത്രയും മാലിന്യം നിക്ഷേപിച്ച വരിൽ നിന്നു വേണം ഈടാക്കാൻ.
മാലിന്യങ്ങൾ നിക്ഷേപിച്ചവരിൽ നിന്നും പിഴയീടാക്കാൻ നീക്കം പഞ്ചായത്ത് ആരംഭിച്ചു.മാലിന്യങ്ങളിൽ നിന്നും ലഭിച്ച ബില്ലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.തൊടുപുഴയിലെയും കോലഞ്ചേരിയിലേയും പ്രമുഖ സൂപ്പർമാർക്കറ്റായ ക്രിസ്റ്റൽ സൂപ്പർ മാർക്കറ്റിന് ഉൾപ്പടെ നോട്ടീസ് നൽകി കഴിഞ്ഞു.50000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.
പച്ചിലാംകുന്നിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ കേസിൽ പ്രതി പിടിയിൽ.മുട്ടം സ്വദേശി മ്ലാക്കുഴിയിൽ ടോമി ജോസഫ് (57) ആണ് മുട്ടം പൊലീസിൻ്റെ പിടിയിലായത്.150 ചാക്കിലധികം പ്ലാസ്റ്റിക് മാലിന്യമാണ് കഴിഞ്ഞ ദിവസം പച്ചിലാംകുന്നിൽ തള്ളിയ നിലയിൽ കാണപ്പെട്ടത്.സംഭവ സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതരും, പൊലീസും,ആരോഗ്യ വകുപ്പ് അധികൃതരും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ വിശദ അന്വേഷണമാണ് ടോമിയിലേക്ക് എത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.മാലിന്യങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന തുടങ്ങനാട് സ്വദേശി ബിജു എന്ന വ്യക്തിപച്ചിലാംകുന്നിലുള്ള
ടോമിയുടെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്നു.വാടക സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇയാളെ അവിടെ നിന്നും പറഞ്ഞയച്ചു.എന്നാൽ ബിജു കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല.ഈ മാലിന്യം ടോമിയുടെ നിർദ്ദേശപ്രകാരം പച്ചിലാംകുന്ന് വ്യു പോയിൻ്റിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എന്നാൽ ടോമി പൊലീസിനോട് പറഞ്ഞത് മറ്റൊന്നാണ്. മാലിന്യം ഈരാറ്റുപേട്ട സ്വദേശികൾക്ക് വിറ്റെന്നും അവരാണ് തള്ളിയതെന്നുമാണ്.ടോമിയെയും കൂട്ടി പൊലീസ് ഈരാറ്റുപേട്ട വരെ പോയെങ്കിലും ടോമി പറഞ്ഞതരത്തിൽ ആരേയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. മാലിന്യം നിക്ഷേപിക്കാൻ ടോമിക്കൊപ്പം മറ്റു പലരും ഉണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും മുട്ടം പൊലീസ് പറഞ്ഞു. ടോമിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.