തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരുകുറ്റി വില്ലേജിൽ ആയിരത്തെട്ട് ജംഗ്ഷൻ കരയിൽ വെള്ളി വീട്ടിൽ ഹാരിസ് മകൻ തസ്‌ലിക് ( 26 വയസ്) , ചേർത്തല താലൂക്കിൽ അരൂകുറ്റി വില്ലേജിൽ വടുതല കരയിൽ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ ഉദയൻ മകൻ നിധിൻ ( 25 വയസ് ) എന്നിവരെ നാല് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് നൽകും. തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജി ജി. മഹേഷാണ് വിധി പ്രസ്താവിച്ചത്.
2017 ഒക്ടോബർ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ കടത്തികൊണ്ടുവന്ന 1. 300 കി.ഗ്രാം കഞ്ചാവുമായി നിൽക്കുകയായിരുന്ന ഇവരെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ഷാജി.എസും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി.ജി. റ്റോമിയായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.