തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അഖില എസ് നായരുടെ സ്ഥലമാറ്റം റദ്ദാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. വെെക്കം ഡിപ്പോയിൽ നിന്ന് പാല ഡിപ്പോയിലേക്ക് മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം സർക്കാരിനെയും കെ.എസ്.ആർ.ടി.സിയെയും അപകീർത്തിപ്പെടുത്തിയ വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയതിന്റെ പേരിലുള്ള വിവാദം രാഷ്‌ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു. “ശമ്പള രഹിത സേവനം 41ാം ദിവസം’’ എന്നെഴുതിയ ബാഡ്ജ് ധരിച്ച് ജോലി ചെയ്‌തതിനാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റിയത്.
കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമാണ് അഖില. സംഘപരിവാർ കേന്ദ്രങ്ങൾ വിഷയം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിവാദമാക്കുകയായിരുന്നു. ബോധപൂർവം സർക്കാരിനെയും ഡിപ്പാർട്മെന്റിനെയും അപകീർത്തിപ്പെടുത്താനാണ് കണ്ടക്ടർ ശ്രമിച്ചതെന്ന് വിമർശനമുയർന്നിരുന്നു. ജനുവരി 11നായിരുന്നു സംഭവം. ജനുവരി അഞ്ചിന് ലഭിക്കേണ്ട ശമ്പളം ഒരാഴ്ച വൈകി മുഴുവൻ ജീവനക്കാർക്കും ലഭിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ ശമ്പളം നൽകുമെന്ന് തൊഴിലാളി യൂണിയനുകൾക്ക് സർക്കാർ ഉറപ്പ് നൽകുകയും ഇത് പാലിക്കുകയും ചെയ്തിരുന്നു.