Timely news thodupuzha

logo

മധു വധക്കേസ്; ഒരാള്‍ക്കു മൂന്നു മാസവും പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിനതടവും ശിക്ഷ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ്കുമാർ വിധിച്ചത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ.

വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴ വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചതെങ്കിലും ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം. രണ്ടുപേരെ വെറുതെ വിട്ടിരുന്നു. പ്രതികളെ തവന്നൂർ സെനട്രൽ ജയിലിലേക്ക് മാറ്റും. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിക്കും കോടതി നിർദേശം നൽകി. വിചാരണ വേളയിൽ 24 പേരാണ് കൂറുമാറിയത്.

ഒന്നാം പ്രതി പാക്കുളം താവളം മേച്ചേരിയിൽ ഹുസൈൻ (54), മറ്റു പ്രതികളായ കള്ളമല മുക്കാലി കിളയിൽ മരക്കാർ (37), പൊതുവച്ചോല ഷംസുദ്ദീൻ (37), മുക്കാലി തഴുശേരി രാധാകൃഷ്ണൻ (38), തെങ്കര പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (35), മുക്കാലി പള്ളക്കുരിക്കൽ സിദ്ദീഖ് (42), തൊട്ടിയിൽ ഉബൈദ് (29), വിരുത്തിയിൽ നജീബ് (37), മണ്ണമ്പറ്റ ജൈജു മോൻ (48), മുക്കാലി കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (34), മുറിയക്കട സതീഷ് (43), ചെരിവിൽ ഹരീഷ് (38), ചെരുവിൽ ബിജു (41), വിരുത്തിയിൽ മുനീർ (32) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.നാലാം പ്രതി കൽകണ്ടി കക്കുപ്പടിക്കുന്നത്ത് അനീഷ് (34), പതിനൊന്നാം പ്രതി മുക്കാലി ചോലയിൽ അബ്ദുൾ കരീം (52) എന്നിവരെയാണ് വെറുതേവിട്ടത്.

ആൾകൂട്ട ആക്രമണങ്ങളിൽ കേരളത്തിൽ മധു കേസ് അവസാനത്തേത് ആകട്ടെയെന്ന് കോടതി പറഞ്ഞു.മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനാണ് മധു. 2018 ഫെബ്രുവരി 22ന് കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു മധുവിനെ പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *