കൊച്ചി: മുമ്പ് ബി.ജെ.പി നേതാവായിരുന്ന വി.വി അഗസ്റ്റിനും കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂരും ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഇരുവരും യഥാക്രമം ചെയർമാനും വൈസ് ചെയർമാനുമായി “നാഷണൽ പ്രോഗ്രസ്സീവ് പാർട്ടിയെന്ന” പേരിലാണ് പാർടി പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് വിട്ട മാത്യു സ്റ്റീഫൻ വൈസ് ചെയർമാനാണ്.
ബി.ജെ.പി മുന്നണിയിലേക്ക് ചേക്കേറുമെന്ന സൂചന നൽകി,24 ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കുമെന്നും ഇവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.വി അഗസ്റ്റിൻ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറായി പ്രവർത്തിച്ചയാളാണ്. ബി.ജെ.പി നോമിനിയായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിരുന്നു. അടുത്ത കാലത്ത് സ്ഥാനങ്ങളൊന്നുമില്ലാതെ ബി.ജെ.പിയുമായി അകന്നു നിൽക്കുകയായിരുന്നു.