ന്യൂഡൽഹി: വനിതാ കായികതാരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഗുസ്‌തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ തല്ലിച്ചതച്ച് പൊലീസ്.
ബുധൻ രാത്രി വൈകിയാണ് ജന്തർമന്തറിലെ സമരകേന്ദ്രത്തിൽ പൊലീസ് അതിക്രമം. സംഘർഷത്തിൽ മൂന്നുതാരങ്ങളുടെ തലയ്‌ക്ക് പരിക്കേറ്റു. മദ്യപിച്ചെത്തിയ പൊലീസുകാരാണ് മർദ്ദിച്ചതെന്ന് താരങ്ങൾ പത്രസമ്മേളനം നടത്തി പറഞ്ഞു.
സമരവേദിയിലേക്ക് കിടക്ക എത്തിച്ചപ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി വീശിയത്. രാജ്യം ഒന്നടങ്കം ഈ അതിക്രമത്തിനെതിരെ നിൽക്കണം. എല്ലാവരും സമരവേദിയിലേക്ക് വരണം. നിങ്ങളുടെ പിന്തുണ ആവശ്യമാണ്. ബ്രിജ്ഭൂഷണെ ജയിലിലടയ്ക്കും വരെ സമരം തുടരുമെന്നും താരങ്ങൾ വ്യക്തമാക്കി.