അടിമാലി: നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലെന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം നാളെ ആരംഭിക്കും. നാളെ വൈകിട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും കൊടിമര, പതാക, ഛായാ ചിത്ര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിക്കും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ.റ്റി.എൽ.അക്ബർ, ഷിൻസ് ഏലിയാസ്, മനോജ് രാജൻ, സോയിമോൻ സണ്ണി എന്നിവർ ജാഥാ ക്യാപ്റ്റന്മാരായ ജാഥകൾ വൈകിട്ട് ആറുമണിക്ക് അടിമാലിയിലെ സമ്മേളന നഗരിയിൽ സംഗമിക്കും.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.കെ.മണി എക്സ് എം.എൽ.എയുടെ നേതൃത്വത്തിൽ ജാഥകളെ സ്വീകരിക്കും. ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് യുവജന റാലി അടിമാലി ടൗണിൽ നടക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
അടിമാലി സെൻറ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. ഡീൻ കുര്യാക്കോസ് എം.പി, സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവിധ സമയങ്ങളിൽ ആയി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ.അൻസാരി, ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ, നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ കനകൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.