വാഷിങ്ങ്ടണ്‍: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടര്‍മാര്‍ ചരിത്രം സൃഷ്ടിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ.
കുഞ്ഞിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്‍റെ അമിത സമ്മര്‍ദ്ദമുണ്ടാകുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്‌കത്തിന് പരിക്കുകളും ഹൃദയത്തിന് തകരാറുകളും കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും വൈകിയാണ് കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കുക. ഇതില്‍ തന്നെ 50 – 60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗബാധിതരാകും. മരണത്തിനുവരെ ഇതു കാരണമാകുകയും ചെയ്യാം.
അള്‍ട്രാസൗണ്ട് പരിശോധനയിലാണ് തലച്ചോറിനുള്ളിലെ രക്തക്കുഴലിന്‍റെ തകരാറ് മനസിലായത്. ഈ തകരാറുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതിനാലാണ് ഗര്‍ഭം 34 ആഴ്ചയായപ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് തന്നെ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറായത്. ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലും ആണ് ശസ്ത്രക്രിയ നടന്നത്.