തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തിൽപ്പെട്ട എസ്.ആർ.ഐ.ടി കമ്പനി കേരളം വിടുന്നതായി സൂചന. ഇപ്പോഴത്തെ വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്ന് എസ്.ആർ.ഐ.ടി ചെയർമാൻ മധു നമ്പ്യാർ പറഞ്ഞു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത് നീചമായ വേട്ടയാടലാണെന്നും മാധ്യമ രാഷ്‌ട്രീയ വേട്ടയാടലിലെ തുടർന്നാണ് കേരളത്തിലെ ഇൻവെസ്റ്റ്മെന്റ് നിർത്തുന്നതെന്നും മധു നമ്പ്യാർ പറഞ്ഞു.
കേരള സർക്കാരിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്നത് മികച്ച പിന്തുണയാണ്. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല. കേരളത്തിൽ അടുത്ത വർഷം തുടങ്ങാനിരുന്ന 820 കോടിയുടെ പ്രൊജക്‌ടും ഉപേക്ഷിക്കുകയാണെന്നും മധു നമ്പ്യാർ കൂട്ടിച്ചേർത്തു.ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. സുതാര്യമായ ടെൻഡർ നടപടികളാണ് കേരളത്തിൽ ഉള്ളത്. അത് കണ്ടാണ് കെ ഫോണിലേക്കും വന്നത്.
പരിചയം ഇല്ലെന്നത് കള്ള പ്രചാരണമാണ്. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളിൽ പ്രൊജക്ടുകൾ നടത്തുന്നുണ്ട്. പതിനെട്ടോളം രാജ്യങ്ങളിൽ പ്രൊജക്‌ടുകൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. കമ്പനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മാധ്യമ വേട്ടയാടൽ ഏറെ രൂക്ഷമായിരുന്നെന്നും മനസ് വിഷമിപ്പിച്ചുവെന്നും ചെയർമാൻ വ്യക്തമാക്കി.