തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ ബംഗാൾ ഉൾകടലിലെ അതി തീവ്രന്യുനമർദ്ദം മോക്ക ചുഴലിക്കാറ്റായി മാറും. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യുന മർദ്ദം ( Depression ) അതിതീവ്ര ന്യുന മർദ്ദമായി( Deep Depression ) ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന അതിതീവ്ര ന്യുന മർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി ( Cyclonic Storm) ശക്തി പ്രാപിക്കും.
തുടർന്നു വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മേയ് 11 രാവിലെയോടെ തീവ്രചുഴലിക്കാറ്റായും ( Severe Cyclonic Storm) മേയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും( Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യത. അതിനുശേഷം വടക്ക് – കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയാനാണ് സാധ്യത. മെയ് 14 ന് ഉച്ചയോടെ Cox’s Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 130 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.