Timely news thodupuzha

logo

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്നും ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദുഖകരമായിട്ടുള്ള സംഭവമാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായത്. ഇത്തരം അതിക്രമങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു.

പ്രതിയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വനിതാ ഡോക്‌ടറുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു. ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളിടത്താണ് പ്രതി അക്രമാസക്തമായത്. ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുകയാണ്. ഇതിനെതിരെ എല്ലാവരും പ്രതിരോധം തീർക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്‌ടർ വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ചു മണിയോടാണ് ആക്രമണം ഉണ്ടായത്.നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപാണ് (42) അക്രമണം നടത്തിയത് . വനിതാ ഡോക്ടറെയും പൊലീസുദ്യോഗസ്ഥരേയുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

6 തവണയാണ് പ്രതി ഡോക്‌ടറെ കുത്തിയത്. ഇതിൽ മാരകമായ 2 കുത്തുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കാലിലെ മുറിവ് കെട്ടുന്നതിനിടെയാണ് പ്രതി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വച്ച് ഡോക്‌ടറെ കുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *